സത്യസന്ധതയുള്ള നിലപാടുകളുമായി ’24’ നിങ്ങളുടെ സ്വീകരണമുറികളിലേക്ക്

December 3, 2018

ഫ്ളവേഴ്‌സ് കുടുംബത്തിന്റെ പുതിയ വാര്‍ത്താ ചാനലായ ’24’  പ്രേക്ഷകരുടെ സ്വീകരണ മുറികളിലേക്കെത്തുന്നു. ഡിസംബര്‍ എട്ട് ശനിയാഴ്ച രാവിലെ 7 മണി മുതല്‍ വാര്‍ത്താ ചാനല്‍ സംപ്രേക്ഷണം ആരംഭിക്കും. നിലപാടുകളില്‍ സത്യസന്ധത എന്ന ആപ്തവാക്യവുമായാണ് ’24’ പ്രേക്ഷകരിലേക്കെത്തുന്നത്.

ഇന്‍സൈറ്റ് മീഡിയ സിറ്റിയുടെ ഉടമസ്ഥതയിലുള്ള ഫ്ളവേഴ്‌സ് ടിവിയെ ഇതിനോടകം തന്നെ മലയാള പ്രേക്ഷകര്‍ ഹൃദയത്തിലേറ്റിയതാണ്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഫ്ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഓരോ പരിപാടികള്‍ക്കും ലഭിക്കുന്നത്. ‘ഉപ്പും മുളകും’, ‘ടോപ്പ് സിംഗര്‍’, ‘കോമഡി ഉത്സവം’ തുടങ്ങിയ പരിപാടികളും ‘സീത’, ‘അരുന്ധതി’ തുടങ്ങിയ സീരിയലുകളും മലയാള പ്രേക്ഷകര്‍ ഇതിനോടകംതന്നെ നെഞ്ചിലേറ്റിയിട്ടുണ്ട്.

2015 ഏപ്രില്‍ 12 നാണ് ഫ്ളവേഴ്‌സ് ടിവി സംപ്രേക്ഷണം ആരംഭിച്ചത്. അന്നുതൊട്ടിന്നോളം പരിപാടികളിലെ വിത്യസ്തതകൊണ്ടും അവതരണശൈലിയിലെ മികവുകൊണ്ടും മറ്റ് ചാനലുകളില്‍നിന്നെല്ലാം ഫ്ളവേഴ്‌സ് ടിവി വേറിട്ടു നില്‍ക്കുന്നു. വിനോദപരിപാടികളില്‍ പുലര്‍ത്തുന്ന വൈവിധ്യവും മനോഹാരിതയും വാര്‍ത്താപരിപാടികളിലും പുലര്‍ത്തുമെന്ന് ഉറപ്പ്. പ്രേക്ഷകര്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത ചരിത്രമുഹൂര്‍ത്തങ്ങള്‍ക്കായിരിക്കും ഡിസംബര്‍ എട്ട് മുതല്‍ കേരളം സാക്ഷിയാകുക. ചങ്കുറപ്പുള്ള നിലപാടുകളുമായാണ് ’24’  പ്രേക്ഷകരിലേക്കെത്തുന്നത്. അകാംഷയോടെ കാത്തിരിക്കാം ’24’ വാര്‍ത്താ ചാനലിനായ്…

Read more: കോട്ടയത്തെ മൂത്തപിള്ളേച്ചനെ കെട്ടാന്‍ ചട്ടയും മുണ്ടുമുടുത്ത് ടോപ് സിംഗര്‍ വേദിയില്‍ കൃഷ്ണദിയ; വിഡിയോ കാണാം