ആശുപത്രിയിലെ കുഞ്ഞുബാലികയെക്കാണാൻ ബ്ലാസ്റ്റേഴ്‌സ് താരം; കൈയ്യടിച്ച് സോഷ്യൽ മീഡിയ

December 14, 2018

കളിയിലെ മികച്ച പ്രകടനം കൊണ്ട് മാത്രമല്ല കേരളാ ബ്ലാസ്റ്റേഴ്‌സ് ഉഗാണ്ടൻ താരം കെസിറോൺ കിസിറ്റോ ആരാധകരുടെ ഇഷ്ട താരമായി മാറുന്നത്. ആളുകളോടുള്ള മനോഭാവം കൊണ്ടുമാണ്. ഉഗാണ്ടയിൽ നിന്നും ചികിത്സയ്ക്കായി കൊച്ചിയിലെത്തിയ കുഞ്ഞാരാധികയെ കാണാൻ ആശുപത്രിയിൽ എത്തിയതാണ് കെസിറോൺ.

മികച്ച ചികിത്സ തേടിയാണ് ഉഗാണ്ടന്‍ തലസ്ഥാനമായ കംപാലയില്‍ നിന്ന് ജെറാള്‍ഡ് ഒബ്വാനയും ഭാര്യ റേച്ചലും മകള്‍ ഇമ്മാനുവലയുമായി കൊച്ചിയിലെത്തിയത്. കൊച്ചി ആലുവയിലെ രാജഗിരി ആശുപത്രിയിലാണ് ഇമ്മാനുവൽ എന്ന കൊച്ചുബാലികയെ കാണാൻ കിസിറ്റോ എത്തിയത്.

ഹൃദയ സംബന്ധിയായ ശസ്ത്രക്രിയക്ക് വേണ്ടിയാണ്  ഇമ്മാനുവലും കുടുംബവും ആശുപത്രിയിൽ എത്തിയത്. ആശുപത്രി അധികൃതര്‍ വഴിയാണ് സ്വന്തം നാട്ടുകാര്‍ കൊച്ചിയില്‍ ചികിത്സയ്‌ക്കെത്തിയ കാര്യം കിസിറ്റോ അറിയുന്നത്. നിലവില്‍ കേരളത്തിലുള്ള താരം കൊച്ചുബാലികയെ ആശുപത്രിയില്‍ സന്ദര്‍ശിക്കുകയായിരുന്നു.