കാത്തിരിപ്പിന് വിട; ‘പേരന്‍പി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

December 20, 2018

ദീര്‍ഘനാളുകളായി പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന പേരന്‍പ് എന്ന ചിത്രത്തെ. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2019 ഫെബ്രുവരിയില്‍ ചിത്രം ലോകവ്യാപകമായി റിലീസ് ചെയ്യും. ചലച്ചിത്രമേളകളില്‍ ഏറെ ശ്രദ്ധേയമായ ചിത്രമാണ് പേരന്‍പ്. ഗോവാ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഏറെ സ്വീകാര്യത നേടിയ ചിത്രത്തെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

49-ാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഡെലിഗേറ്റുകളുടെ നിരന്തരമായ അഭ്യര്‍ത്ഥനയെ മാനിച്ച് ‘പേരന്‍പ്’ രണ്ട് തവണ പ്രദര്‍ശിപ്പിച്ചിരുന്നു. റാം ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ചിത്രത്തില്‍ അമുധന്‍ എന്ന കഥാപാത്രത്തിന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്.

റാം സംവിധാനം ചെയ്ത തങ്കമീന്‍കള്‍, കട്രത് തമിഴ്, തരമണി എന്നി ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട്തന്നെ പേരന്‍പിനെയും ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. സ്പാസ്റ്റിക് പരാലിസിസ് എന്ന ശാരീരികാവസ്ഥയിലുള്ള പെണ്‍കുട്ടിയുടെ അച്ഛനാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന അമുദന്‍ എന്ന കഥാപാത്രം. ബാലതാരമായ സാധനയാണ് മമ്മൂട്ടിയുടെ മകളായി ചിത്രത്തിലെത്തുന്നത്.