‘അദ്ദേഹം ഒരു നടനല്ല, മഹാനടനാണ്’; വിജയ്‌ സേതുപതിയെക്കുറിച്ച് സ്റ്റൈൽ മന്നൻ..

December 10, 2018

തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് സ്റ്റൈൽ മന്നൻ രജനി കാന്ത്. അദ്ദേഹത്തിന്റെ പുതിയ ചിത്രം ‘പേട്ട’യ്ക്കായി അക്ഷമരായി കാത്തിരിക്കുകയാണ് തമിഴ് സിനിമ ലോകം. ചിത്രത്തിൽ സ്റ്റൈൽ മന്നനൊപ്പം മക്കൾ സെൽവം വിജയ് സേതുപതിയും എത്തുന്നുവെന്ന വാർത്ത തമിഴ് സിനിമാ പ്രേമികൾക്ക് ഇരട്ടി മധുരം നൽകുന്നതാണ്. പേട്ടയിൽ വില്ലനായാണ് വിജയ് സേതുപതി എത്തുന്നത്.

സമൂഹ്യമാധ്യമങ്ങളില്‍ തരംഗമാവുകയാണ് വിജയ് സേതുപതിയെക്കുറിച്ച് രജനീകാന്ത് പറഞ്ഞ വാക്കുകള്‍… പേട്ടയുടെ ഓഡിയോ ലോഞ്ചിനിടെയാണ് വിജയ് സേതുപതിയെക്കുറിച്ച് രജനീകാന്ത് വാചാലനായത്. വിജയ് സേതുപതി വേദിയിലേക്ക് എത്തിയപ്പോൾ എഴുന്നേറ്റ് നിന്നാണ് രജനി കാന്ത് അദ്ദേഹത്തെ സ്വീകരിച്ചത്.

“ചിത്രത്തിൽ ജിത്തു എന്ന നെഗറ്റീവ് കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിക്കുന്നത്. കാർത്തിക് ചിത്രത്തിന്റെ കഥ പറഞ്ഞപ്പോൾ തന്നെ ഞാൻ ചോദിച്ച ചോദ്യം ജിത്തുവിനെ  ആരാണ് അവതരിപ്പിക്കുക എന്നതായിരുന്നു. വിജയ് സേതുപതി എന്ന് കാർത്തിക് പറഞ്ഞു. ഞാൻ പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു വിജയ്‌യുടെ പെർഫോമൻസ്. ഒരു കാര്യം മാത്രം പറയാം വിജയ് ഒരു നടനല്ല, മഹാനടനാണ്.” രജനി കാന്ത് പറഞ്ഞു നിർത്തി..

സിമ്രാന്‍ രജനീകാന്തിനൊപ്പം അഭിനയിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ‘പേട്ട’ എന്ന സിനിമയ്ക്കുണ്ട്. ബോളിവുഡ് താരം നവാസുദീന്‍ സിദ്ധിഖി ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നുണ്ട്. മോഷന്‍ രൂപത്തിലുള്ള പേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് നേരത്തെ പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്.

യുവസംവിധായകനായ കാര്‍ത്തിക് സുബ്ബരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് നിര്‍മ്മാണം. അനിരുദ്ധ് രവിചന്ദര്‍ സംഗീതവും തിരു ക്യാമറയും നിര്‍വഹിക്കുന്നു. സിമ്രാന്‍, തൃഷ, വിജയ് സേതുപതി. ബോബി സിംഹ, മാളവിക മേനോന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പേട്ടയ്ക്കുവേണ്ടി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.