രഞ്ജി ട്രോഫിയില്‍ കേരളത്തിന് ആദ്യ തോല്‍വി
രഞ്ജി ട്രോഫിയില്‍ മധ്യപ്രദേശിനെതിരെ കേരളത്തിന് തോല്‍വി. അഞ്ച് വിക്കറ്റിനാണ് മധ്യപ്രദേശ് കേരളത്തെ തോല്പിച്ചത്. രഞ്ജി ട്രോഫിയിലെ രണ്ട് മത്സരങ്ങളില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചിരുന്നു കേരളം. എന്നാല്‍ മധ്യപ്രദേശിനെതിരെയുള്ള കേരളത്തിന്റെ പ്രകടനം ആരാധകരുടെ പ്രതീക്ഷയ്ക്ക് മങ്ങലേല്പിച്ചു.
ആദ്യ ഇന്നിങ്സില്‍ 63 റണ്‍സ് മാത്രമാണ് കേരളം അടിച്ചെടുത്തത്. മറുപടി ബാറ്റിങിനെത്തിയ മധ്യപ്രദേശ് 24 ഓവറില്‍തന്നെ കേരളത്തിന്റെ സ്കോര്‍ മറികടന്നിരുന്നു. രണ്ടാം ഇന്നിങ്സില്‍ വീറും വാശിയും ചോരാതെ കേരളം പോരാടിയെങ്കിലും ഫലമുണ്ടായില്ല. ആന്ധ്രയ്ക്കെതിരെയും ബംഗാളിനെതിരെയും ഒമ്പത് വിക്കറ്റിന് വിജയിച്ചിരുന്നു കേരളം. മധ്യപ്രദേശിനെതിരെയുള്ള മത്സരത്തില്‍ തുടക്കംമുതല്‍ക്കെ കേരളത്തിന് പാളി.
ടോസ് നേടിയ കേരളം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ മധ്യപ്രദേശിന്റെ തകര്‍പ്പന്‍ ബൗളിംഗില്‍ പിടിച്ചു നില്ക്കാന് കേരളത്തിന് ആയില്ല. ആദ്യ ഇന്നിങ്സില്‍ മൂന്നുപേര്‍ മാത്രമാണ് റണ്‍സില്‍ രണ്ടക്കം തന്നെ പിന്നിട്ടത്. പതിനാറ് റണ്‍സെടുത്ത വിഷ്ണു വിനോദ്, പതിനാറ് റണ്‍സെടുത്ത അക്ഷയ് ചന്ദ്രന്, പത്ത് റണ്‍സെടുത്ത വി എ ജഗദീഷ് എന്നിവര്‍ മാത്രമാണ് കേരളത്തെ ആദ്യ ഇ്നനിങ്സില് അല്പമെങ്കിലും പിടിച്ചുനിര്‍ത്തിയത്.
രണ്ടാം ഇന്നിങ്സില്‍ 143 റണ്‍സ് എടുത്ത സച്ചിന് ബേബിയുടെയും 193 റണ്‍സ് എടുത്ത വിഷ്ണു വിനോദിന്റെയും ബാറ്റിങാണ് കേരളത്തിന് അല്പമെങ്കിലും പ്രതീക്ഷ നല്‍കിയത്. നിലവില്‍ നാല് മത്സരങ്ങളില്‍ നിന്നുമായി 16 പോയിന്റുകളുമായി ഗുജറാത്ത് ആണ് എലീറ്റ് ഗ്രൂപ്പില്‍(A,B) ഒന്നാമതെത്തിയിരിക്കുന്നത്. നാല് മത്സരങ്ങളില്‍ നിന്നും 12 പോയിന്റുകളോടെ രണ്ടാം സ്ഥാനത്താണ് കേരളം.