സോഷ്യല്‍ മീഡിയ വഴി കാശുണ്ടാക്കുന്നത് എങ്ങനെയെന്ന് പഠിപ്പിക്കാന്‍ അജു വര്‍ഗീസ്; വീഡിയോ തരംഗമാകുന്നു

December 20, 2018

സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാവുകയാണ് ‘വിജയ് സൂപ്പറും പൗര്‍ണ്ണമിയും’ എന്ന ചിത്രത്തിന്റെ പുതിയ ടീസര്‍. ”സോഷ്യല്‍ മീഡിയ വഴി കാശുണ്ടാക്കാന്‍ തൗസന്റ്‌സ് ആന്‍ഡ് തൗസന്റ്‌സ് വഴികളുണ്ട്… അതെല്ലാം ഞാന്‍ പഠിപ്പിച്ചുതരാം…” എന്ന അജു വര്‍ഗീസിന്റെ കിടിലന്‍ ഡയലോഗാണ് ടീസറിനെ ശ്രദ്ധേയമാക്കുന്നത്. മലയാളികളുടെ പ്രിയതാരം ആസിഫ് അലി കേന്ദ്ര കഥാപാത്രമായെത്തുന്നു ചിത്രമാണ് ‘വിജയ് സൂപ്പറും പൗര്‍ണ്ണമിയും’. ജിസ് ജോയ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.

‘ബൈസിക്കള്‍ തീവ്സ്’, ‘സണ്‍ഡേ ഹോളീഡേ’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വിജയ് സൂപ്പറും പൗര്‍ണ്ണമിയും’. ‘ബൈസിക്കിക്കള്‍ തീവ്സ്’ ആണ് ജിസ് ജോയ് സംവിധാനം നിര്‍വ്വഹിച്ച ആദ്യത്തെ ചിത്രം. ആസിഫ് അലിയെ കേന്ദ്ര കഥാപാത്രമാക്കി ജിസ് ജോയ് സംവിധാനം ചെയ്ത രണ്ട് ചിത്രങ്ങളും ഏറെ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. അതുകൊണ്ടതന്നെ ഇരുവരുടെയും കൂട്ടുകെട്ടിലുള്ള പുതിയ ചിത്രത്തെയും പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. അജു വര്‍ഗീസ്, ബാലു വര്‍ഗീസ്, രഞ്ജി പണിക്കര്‍, സിദ്ധിഖ്, ദേവന്‍, ശ്രീകാന്ത് മുരളി, ശാന്തി കൃഷ്ണ, കെ പി എസ് ഇ ലളിത എന്നിവരും ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നുണ്ട്. ന്യൂ സൂര്യ ഫിലിംസിന്റെ ബാനറില്‍ എ കെ സുനിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം.