ആരാധകന്റെ പിറന്നാള്‍ ദിനത്തില്‍ സര്‍പ്രൈസുമായി വിജയ്; നന്ദി പറഞ്ഞ് ഒരമ്മ

December 3, 2018

തമിഴകത്തു മാത്രമല്ല ഇങ്ങു കേരളക്കരയിലും ഏറെ ആരാധകരുള്ള താരമാണ് ഇളയദളപതി വിജയ്. ആരാധകരോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹവും പലപ്പോഴും സാമൂഹ്യമാധ്യമങ്ങളില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടും തരംഗമാവുകയാണ് ഒരു ആരാധകനോടുള്ള വിജയ്‌യുടെ സ്‌നേഹം. അപകടത്തില്‍പെട്ട് പരിക്കേറ്റ് കിടപ്പിലായ ഫൈസല്‍ എന്ന ആരാധകനെ തേടിയാണ് വിജയ് എത്തിയത്.

തമിഴ് നടന്‍ നാസറിന്റെ മൂത്തമകനാണ് അബ്ദുള്‍ അസന്‍ ഫൈസല്‍. ഒരു അപകടത്തെതുടര്‍ന്ന് പരിക്കേറ്റ ഫൈസല്‍ കിടപ്പിലാണ്. കടുത്ത വിജയ് ആരാധകന്‍ കൂടിയാണ് ഫൈസല്‍. തന്റെ പിറന്നാള്‍ ദിനത്തില്‍ വിജയ് എത്തിയതോടെ സ്വപ്‌നം സാക്ഷാത്കരിച്ച സന്തോഷത്തിലാണ് ഫൈസല്‍.

ഫൈസലിനേപ്പോലെ നിറഞ്ഞ സന്തോഷത്തിലാണ് ഫൈസലിന്റെ അമ്മ കമീല നാസര്‍. ഈ സന്തോഷവും ഇളയദളപതിയോടുള്ള നന്ദിയും അവര്‍ സാമൂഹ്യമാധ്യമങ്ങളിലും പങ്കുവെച്ചു. ഒപ്പം ഫൈസലിന്റെ പിറന്നാള്‍ ദിനത്തില്‍ സര്‍പ്രൈസുമായി എത്തിയ വിജയ്‌യുടെ ചിത്രങ്ങളും.

2014 മെയ് 22 നാണ് ഫൈസലിന്റെ ജീവിതത്തില്‍ വില്ലനായി അപകടമെത്തിയത്. ഗുരുതരമായി പരിക്കേറ്റ ഫൈസല്‍ കിടപ്പിലാണ്. തമിഴ് സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കാന്‍ ഇരിക്കവെയാണ് സ്വപ്‌നം തകര്‍ത്തുകൊണ്ട് അപകടമെത്തിയത്.