ജീവിത വിജയത്തിനായി മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കണം; വൈറലായി സൂര്യയുടെ പ്രസംഗം

January 30, 2019

തമിഴകത്തും കേരളത്തിലുമൊക്കെയായി നിരവധി ആരാധകരുള്ള താരമാണ് നടിപ്പിൻ നൻപൻ സൂര്യ. വേൽ ടെക് രംഗരാജൻ യൂണിവേഴ്‍സിറ്റിയിൽ സാംസ്കാരിക ഉത്സവം ഉദ്ഘാടനം ചെയ്യാൻ എത്തിയ സൂര്യയുടെ പ്രസംഗമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

“സപ്ലി എഴുതി ബി കോം പൂർത്തിയാക്കിയ ഞാൻ നിങ്ങൾക്ക് ജീവിതത്തിൽ പഠിച്ച ചില പാഠങ്ങളും അനുഭവങ്ങളുമാണ് പങ്കുവെയ്ക്കുന്നത്. പഠനം പൂർത്തിയാക്കുമ്പോൾ ഞാൻ ഒരിക്കലും ഇവിടെ എത്തുമെന്ന് വിചാരിച്ചിരുന്നില്ല. നടനാകാൻ ഒരിക്കലും ആഗ്രഹിച്ചിട്ടുമില്ല. സിനിമയിൽ എത്തിയ ഞാൻ എന്നെത്തന്നെ മാതൃകയാക്കി എന്നിൽ പ്രതീക്ഷയർപ്പിച്ച് അഭിനയിച്ച് തുടങ്ങുകയായിരുന്നു.

തന്നിൽ തന്നെ വിശ്വാസമർപ്പിച്ച് ജീവിച്ച് തുടങ്ങിയാൽ ജീവിതത്തിൽ സർപ്രൈസുകൾ ഉണ്ടാകും. ജീവിതം ആഘോഷമാക്കി സന്തോഷത്തോടെ മുന്നോട്ട് പോകണം. നമ്മൾ ആഗ്രഹിക്കുന്ന കാര്യം ചിലപ്പോൾ നടക്കണമെന്നില്ല. പക്ഷെ നമ്മൾക്ക് ആവശ്യമുള്ള കാര്യങ്ങൾ കൃത്യമായി നടക്കും. എന്റെ കാര്യത്തിൽ അത് സംഭവിച്ചിട്ടുമുണ്ട്.

ജീവിത്തിൽ മൂന്ന് കാര്യങ്ങൾ എപ്പോഴും ശ്രദ്ധിക്കണം. ഒന്നാമതായി സത്യസന്ധത. എല്ലാകാര്യങ്ങളിലും സത്യസന്ധത പുലർത്തണം. അത് പഠനത്തിലായാലും പ്രണയത്തിലായാലും. രണ്ടാമത് പോസിറ്റിവിറ്റി. എല്ലായ്‌പ്പോഴും പോസിറ്റീവായി ചിന്തിക്കണം. മൂന്നാമതായി ജീവിത ലക്ഷ്യം. തീരുമാനങ്ങൾ സ്വന്തമായി എടുക്കാൻ ശ്രമിക്കണം. അതിൽ ഉറച്ചുനിൽക്കാനും ശ്രദ്ധിക്കണം.” സൂര്യ പറഞ്ഞു…