‘കാർത്തിക്കിന്റെ ആ വാക്കുകൾ സഫലമായി’; വിജയ് സേതുപതിയെക്കുറിച്ച് എട്ട് വർഷങ്ങൾക്ക് മുമ്പ് കാർത്തിക് പറഞ്ഞത്…..

January 16, 2019

ആഗ്രഹങ്ങളുടെ കരുത്തും അദ്ധ്വാനങ്ങളുടെ ഊർജവും കൊണ്ട് ഒന്നുമില്ലാതിരുന്ന ഒരാളിൽ നിന്നും തമിഴകം ഒന്നടങ്കം വാഴ്ത്തുന്ന നായകനായി എത്തിയ കലാകാരനാണ് മക്കൾ സെൽവൻ എന്ന് തമിഴ് സിനിമ വാഴ്ത്തുന്ന വിജയ് സേതുപതി….

സിനിമ എന്ന തീരാത്ത ആഗ്രഹവുമായി തമിഴ് സിനിമാലോകത്ത് പിച്ചവച്ചുതുടങ്ങിയ വിജയ് സേതുപതിയുടെ വളർച്ച ഏറെ അത്ഭുതത്തോടെയാണ് സിനിമാലോകം നോക്കികണ്ടത്. ഇന്ന് 41 ആം പിറന്നാൾ ആഘോഷിക്കുന്ന വിജയ് സേതുപതി എന്ന മഹാപ്രതിഭയെക്കുറിച്ച് എട്ട് വർഷങ്ങൾക്ക് മുമ്പ് സിനിമാ സംവിധായകൻ കാർത്തിക് സുബ്ബരാജ് പറഞ്ഞ വാക്കുകൾ ശരിയായിരിക്കുകയാണ്.

‘തേന്മെർക്കു പരുവ കാട്രൂ’ എന്ന ചിത്രത്തിന്റെ റിലീസ് ദിനത്തിൽ കാർത്തിക് ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു.. വിജയ് സേതുപതിയെ ബിഗ് സ്‌ക്രീനിൽ കാണാൻ വളരെ ആവേശത്തോടെ കാത്തിരിക്കുകയാണെന്നായിരുന്നു ആ പോസ്റ്റ്. എന്നാൽ വിജയ് സേതുപതി ആരാണെന്ന ചോദ്യവുമായി വന്ന ആരാധകനോട് “അധികം താമസിയാതെ അദ്ദേഹത്തെ അറിയാം” എന്നായിരുന്നു കാർത്തിക്കിന്റെ മറുപടി.

കാർത്തിക്കിന്റെ ആ വാക്കുകൾ സഫലമാകാൻ അധികം നാളുകൾ വേണ്ടി വന്നില്ല… തെന്നിന്ത്യ മുഴുവൻ ആവേശത്തോടെ നോക്കിനിൽക്കുന്ന ഒരു അത്ഭുത കലാകാരനിലേക്കായിരുന്നു അദ്ദേഹത്തിന്റെ വളർച്ച…

കാർത്തിക്കിന്റെ ഏറ്റവും പുതിയ ചിത്രമായ പേട്ടയിലും വിജയ് സേതുപതി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. യുവസംവിധായകനായ കാര്‍ത്തിക് സുബ്ബരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് നിര്‍മ്മാണം. അനിരുദ്ധ് രവിചന്ദര്‍ സംഗീതവും തിരു ക്യാമറയും നിർവഹിക്കുന്ന ചിത്രം മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്…

Read also: പിറന്നാൾ ദിനത്തിൽ പുതിയ ലുക്കിൽ വിജയ് സേതുപതി; ‘സൈറാ നരസിംഹ റെഡ്‌ഡി’യുടെ മോഷൻ ടീസർ കാണാം..

മാസ് ഗെറ്റപ്പില്‍ എത്തുന്ന സ്റ്റൈൽ മന്നന്റെ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. തലൈവരുടെ പ്രായത്തെ തോല്‍പ്പിക്കുന്ന മെയ്യ് വ‍ഴക്കവും പ്രകടനവും കണ്ട് സിനിമ  താരങ്ങളടക്കം നിരവധി ആളുകളാണ് ചിത്രത്തിന് ആശംസകളുമായി രംഗത്തെത്തിയത്.

തലൈവരുടെ ത്രസിപ്പിക്കുന്ന ലുക്ക് തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. രജനിക്ക് വില്ലനായി മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി കൂടി എത്തുന്നത് സിനിമ പ്രേമികളുടെ ആവേശം ഇരട്ടിപ്പിച്ചു…