റൗഡിയായി കാളിദാസ് ജയറാം ഒപ്പം അപര്‍ണ്ണ ബാലമുരളിയും; ‘മിസ്റ്റര്‍ ആന്‍ഡ് മിസിസ് റൗഡി’യുടെ ട്രെയ്‌ലര്‍

January 25, 2019

കാളിദാസ് ജയറാം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം ‘മിസ്റ്റര്‍ ആന്‍ഡ് മിസിസ് റൗഡി’യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ജിത്തു ജോസഫാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. കാളിദാസ് ജയറാമിനൊപ്പം അപര്‍ണ്ണ ബാലമുരളിയും ‘മിസ്റ്റര്‍ ആന്‍ഡ് മിസിസ് റൗഡി’യില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നുണ്ട്.

ഗ്രാമീണ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രമാണ് ‘മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി’എന്ന് സൂചിപ്പിക്കുന്ന തരത്തിലാണ് ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നത്. ഹാസവ്യം ആക്ഷനുമൊക്കെ ട്രെയ്‌ലറില്‍ ഇടം നേടിയിട്ടുണ്ട്. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ ഒരു റൗഡിയായാണ് കാളിദാസ് ജയറാം ചിത്രത്തിലെത്തുന്നത്.

സായ്കുമാര്‍, വിജയരാഘവന്‍, വിജയ് ബാബു, ജോയ് മാത്യു, ശരത്, വിഷ്ണു ഗോവിന്ദന്‍, ഷെബിന്‍ ബെന്‍സണ്‍, ഗണപതി, എസ്തര്‍ അനില്‍, ഷഹീന്‍ സിദ്ദിഖ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനും ജിത്തു ജോസഫും ചേര്‍ന്നാണ് മിസ്റ്റര്‍ ആന്‍ഡ് മിസിസ് റൗഡിയുടെ നിര്‍മ്മാണം.