വടചെന്നൈ വീണ്ടും സിനിമയിലേക്ക്; നായകനായി വിജയ് സേതുപതി

January 25, 2019

തമിഴ് ചലച്ചിത്രമേഖലയ്ക്ക് ഏറെ പ്രീയപ്പെട്ടതാണ് നോര്‍ത്ത് മദ്രാസ് എന്ന പ്രദേശം. വടചെന്നൈ എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്. അടുത്തിടെ ഈ പ്രദേശത്തിന്റെ പേരില്‍ ധനുഷ് കേന്ദ്രകഥാപാത്രമായി ഒരു സിനിമ തന്നെ പുറത്തിറങ്ങിയിരുന്നു. വടചെന്നൈ വീണ്ടും സിനിമയിലെത്തുകയാണ്. മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. വിജയ് ചന്ദര്‍ ആണ് ചിത്രത്തിന്റെ സംവിധാനം.

ഏറെ പ്രേക്ഷകസ്വീകാര്യത നേടിയ ‘സ്‌കെച്ച്’ എന്ന സിനിമയുടെ സംവിധായകനാണ് വിജയ് ചന്ദര്‍. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വട ചെന്നൈ കേന്ദ്രീകൃതമാക്കിയുള്ള പുതിയ സിനിമയെക്കുറിച്ച് വ്യക്തമാക്കിയത്. രണ്ട് നായികമാരാണ് ചിത്രത്തിലുള്ളത്. മാസ് കമേര്‍ഷ്യല്‍ എന്റര്‍ടെയ്‌നറാകും ചിത്രമെന്നും അഭിമുഖത്തില്‍ വിജയ് ചന്ദര്‍ പറഞ്ഞു.

വിജയ പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. വേല്‍രാജ് ആണ് ക്യമാറ കൈകാര്യം ചെയ്യുന്നത്. ഡി ഇമ്മാന്‍ സംഗീത സംവിധാനവും കെ എല്‍ പ്രവീണ്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ഫെബ്രുവരിയിലാണ് ചിത്രീകരണം ആരംഭിക്കുക.