ചിരി പടര്‍ത്തി ‘മിസ്റ്റര്‍ ആന്‍ഡ് മിസിസ് റൗഡി’യുടെ ട്രോള്‍ വീഡിയോ

February 18, 2019

സാമൂഹ്യമാധ്യമങ്ങളില്‍ ചിരി പടര്‍ത്തുകയാണ് ‘മിസ്റ്റര്‍ ആന്‍ഡ് മിസിസ് റൗഡി’യുടെ ഒരു ട്രോള്‍ വീഡിയോ. സിനിമയുടെ ചിത്രീകരണസമയത്തെ ചില രസക്കാഴ്ചകള്‍ കോര്‍ത്തിണക്കിക്കൊണ്ടാണ് ട്രോള്‍ വീഡിയോ ഒരുക്കിയിരിക്കുന്നത്. കാളിദാസ് ജയറാം തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ച വീഡിയോ നിരവധി പേരാണ് ഏറ്റെടുത്തിരിക്കുന്നത്.

കാളിദാസ് ജയറാം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘മിസ്റ്റര്‍ ആന്‍ഡ് മിസിസ് റൗഡി’. അപര്‍ണ്ണ ബാലമുരളിയാണ് നായികയായി ചിത്രത്തിലെത്തുന്നത്. അപര്‍ണ്ണ ബാലമുരളി തന്നെയാണ് ട്രോള്‍ വീഡിയോയിലെ താരവും. ജിത്തു ജോസഫാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലറും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗ്രാമീണ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രമാണ് ‘മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി’എന്ന് സൂചിപ്പിക്കുന്ന തരത്തിലാണ് ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നത്. ഹാസവ്യം ആക്ഷനുമൊക്കെ ട്രെയ്‌ലറില്‍ ഇടം നേടിയിട്ടുണ്ട്. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ ഒരു റൗഡിയായാണ് കാളിദാസ് ജയറാം ചിത്രത്തിലെത്തുന്നത്.

Read more: മേലെ മേലേ മാനം…; ഋതുരാജിന്റെ പാട്ടിന് നിറഞ്ഞ കൈയടി

സായ്കുമാര്‍, വിജയരാഘവന്‍, വിജയ് ബാബു, ജോയ് മാത്യു, ശരത്, വിഷ്ണു ഗോവിന്ദന്‍, ഷെബിന്‍ ബെന്‍സണ്‍, ഗണപതി, എസ്തര്‍ അനില്‍, ഷഹീന്‍ സിദ്ദിഖ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനും ജിത്തു ജോസഫും ചേര്‍ന്നാണ് മിസ്റ്റര്‍ ആന്‍ഡ് മിസിസ് റൗഡിയുടെ നിര്‍മ്മാണം.