പുൽവാമ ഭീകരാക്രമണത്തിന് തിരിച്ചടിച്ച് ഇന്ത്യ; അതിർത്തിയിൽ കനത്ത സുരക്ഷയ്ക്ക് നിർദ്ദേശം നൽകി കേന്ദ്രസർക്കാർ..

February 26, 2019

പുൽവാമ ഭീകരാക്രമണത്തിന്  തിരിച്ചടിച്ച് ഇന്ത്യ. കഴിഞ്ഞ ദിവസം ഇന്ത്യക്ക് നേരെ പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും ഉണ്ടായ ഭീകരാക്രമണത്തിന് ഇന്ന് ഇന്ത്യ തിരിച്ചടി  നൽകിയിരിക്കുകയാണ്. വിദേശ കാര്യ സെക്രട്ടറി ഇത് സംബന്ധിച്ച് സ്ഥിരീകരണം നടത്തി. അതേസമയം പാക്കിസ്ഥാന് നേരെ ഇന്ത്യ തിരിച്ചടിച്ച സാഹചര്യത്തിൽ രാജ്യത്തിന്റെ അതിർത്തിയിൽ കനത്ത ജാഗ്രത പുലർത്തണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

ഭീകരാക്രമണത്തിൽ ഏകദേശം ഇരുന്നൂറോളം ഭീകരർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. കേന്ദ്ര- വ്യോമ സേനകളുടെ സംയുക്തത്തിലാണ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ ഇന്ത്യൻ അതിർത്തിക്കപ്പുറത്തെ മൂന്നിടങ്ങളിലെ ഭീകര ക്യാമ്പുകൾ ഇന്ത്യ തകര്‍ത്തു. ആദ്യ ആക്രമണം ബാലാകോട്ടിലായിരുന്നു. ഇന്ത്യ പാക് അതിര്‍ത്തിക്കപ്പുറമുള്ള ബാലാകോട്ട് മേഖല ജെയ്ഷെ മുഹമ്മദിന്‍റെ പ്രധാന ആസ്ഥാനങ്ങളിൽ ഒന്നാണ്. ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികളുടെ പ്രഭാഷണം നടക്കുന്ന സ്ഥലമാണ് ബാലകോട്ട്. മൗലാന ഭീകര ക്യാമ്പ് നശിപ്പിച്ചതായും വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.

ഇന്ന് വെളുപ്പിന് 3; 30 നായിരുന്നു പാക്കിസ്ഥാന് നേരെ ആക്രമണം ഉണ്ടായത്. ഏകദേശം 23 മിനിറ്റ് നീണ്ടു നിൽക്കുന്ന ആക്രമണമാണ് നടന്നത്. ഒരു ഡസന്‍ മിറാഷ് വിമാനങ്ങളുപയോഗിച്ച് 1000 കിലോയോളം ബോംബുകൾ വർഷിച്ചാണ് ആക്രമണം നടത്തിയത്. പുല്‍വാമ ഭീകരാക്രമണമുണ്ടായപ്പോള്‍ തന്നെ തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ പന്ത്രണ്ട് ദിവസങ്ങള്‍ക്ക് അപ്പുറം ഇന്ത്യന്‍ സൈന്യം നടപ്പിലാക്കിയിരിക്കുകയാണ്.

അതേസമയം കശ്മീർ അടക്കമുള്ള ഇന്ത്യൻ അതിർത്തിയിൽ കൂടുതൽ സൈന്യത്തെ ഇന്ത്യ സജ്ജരാക്കിയിട്ടുണ്ട്. പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നും ഇനിയും ഏതെങ്കിലും തരത്തിലുള്ള പ്രകോപനമുണ്ടായാൽ കനത്ത രീതിയിലുള്ള തിരിച്ചടി നൽകുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

എന്നാൽ അക്രമണത്തിൽ നിരവധി രാജ്യങ്ങൾ ഇന്ത്യക്ക് പിന്തുണ നൽകിയിട്ടുണ്ട്. അതേസമയം ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദി അൽപ സമയത്തിന് ശേഷം ഇന്ത്യയുടെ ആക്രമണം സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം നൽകുന്നതിനായി മാധ്യമങ്ങളെ കാണും.

എന്നാൽ പാക് മാധ്യമങ്ങൾ ആദ്യം ഇന്ത്യയുടെ ആക്രമണം സംബന്ധിച്ചുള്ള വാർത്തകൾ എതിർത്തിരുന്നു. എന്നാൽ ഇപ്പോൾ ഈ നിലപാടുകൾ മാറ്റി രംഗത്തെത്തിയിരിക്കുകയാണ് പാക്ക് മാധ്യമങ്ങൾ. പാക്ക് അതിർത്തി ഇന്ത്യ ലംഘിച്ചുവെന്നും, ഇതിനെതിരെ പാക്കിസ്ഥാൻ തിരിച്ചടിക്കുമെന്നും ഇന്ത്യ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും പാക്ക് വിദേശകാര്യ മന്ത്രി ഷാ മഹ്‍മൂദ് ഖുറേഷി അറിയിച്ചു.