‘ലഹരി’പാട്ടുമായ് ഷാന്‍ റഹ്മാനും അജു വര്‍ഗീസും, ഒപ്പം തകര്‍പ്പന്‍ ഡാന്‍സും: വീഡിയോ

February 5, 2019

മനോഹരമായ ഗാനങ്ങള്‍ക്കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടംനേടിയ സംഗീതസംവിധായകനാണ് ഷാന്‍ റഹ്മാന്‍. ‘ജിമിക്കി കമ്മല്‍’, ‘മാണിക്യമലരായ പൂവി…’ തുടങ്ങിയ ഗാനങ്ങളെല്ലാം പ്രേക്ഷകര്‍ ഇഷ്ടത്തോടെ ഏറ്റുപാടിയിരുന്നു. വീണ്ടുമിതാ ഒരു വിത്യസ്ത ഗാനവുമായ് എത്തിയിരിക്കുകയാണ് ഷാന്‍ റഹ്മാന്‍. ഷാനിന്റെ പാട്ടിന് മാറ്റുകൂട്ടാന്‍ പ്രേക്ഷകരുടെ ഇഷ്ടതാരം അജു വര്‍ഗീസും ഒപ്പമുണ്ട്.

‘ലഹരി ഈ ലഹരി…’ എന്നു തുടങ്ങുന്ന ഗാനം ഷാന്‍ റഹ്മാനും അജു വര്‍ഗീസും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. പാട്ടിന്റെ വീഡിയോയ്ക്കും പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കൈലിമുണ്ടും തോര്‍ത്തുമൊക്കെയായി ഇരുവരുടെയും വേഷവും കലക്കിയിട്ടുണ്ടെന്നാണ് ആരാധകരുടെ കമന്റ്. പാട്ടിനൊപ്പം മനോഹരമായ ചെറിയ ചില നൃത്തച്ചുവടുകളും അജു വര്‍ഗീസും ഷാന്‍ റഹ്മാനും കാഴ്ചവെയ്ക്കുന്നുണ്ട്.

‘കൊളംബ്യന്‍ അക്കാദമി’ എന്ന ചിത്രത്തിലേതാണ് ഈ തമാശപ്പാട്ട്. അജു വര്‍ഗീസാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. അഖില്‍ രാജാണ് ചിത്രത്തിന്റെ കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. സലീം കുമാര്‍, ധര്‍മ്മജന്‍, അഞ്ജലി നായര്‍ തുടങ്ങിയവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നുണ്ട്.