‘9’വർഷങ്ങൾക്ക് ശേഷം ആ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്നു; അന്ന് ചേട്ടനൊപ്പം ഇന്ന് അനിയനൊപ്പം

February 6, 2019

ഒരു പിടി യുവതാരങ്ങളെ അണിനിരത്തി വിനീത് ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു 2010 ൽ പുറത്തിറങ്ങിയ ‘മലർവാടി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്’. ഈ ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ചത് ഒരു മികച്ച സംവിധായകനെയും അഞ്ച് മികച്ച താരങ്ങളെയുമായിരുന്നു. നിവിൻ പോളി, അജു വർഗീസ്, ശ്രവൺ, ഭഗത്, ഹരികൃഷ്ണൻ എന്നിവർ ഒന്നിച്ച മലർവാടി മികച്ച ചലച്ചിത്ര വിരുന്നായിരുന്നു മലയാളികൾക്ക് സമ്മാനിച്ചത്.

ചേട്ടന്റെ ചിത്രങ്ങളിലൂടെ ഒന്നിച്ച താരങ്ങളെ അണിനിരത്തി ഒമ്പത് വർഷങ്ങൾക്ക് ശേഷം ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ലവ് ആക്ഷൻ ഡ്രാമ’. പഴയ താരങ്ങൾ ഒന്നിച്ച് പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നെടുത്ത ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളായി എത്തുന്നത് നിവിൻ പോളിയും നയൻ താരയുമാണ്. അജു വർഗീസ് ആദ്യമായി നിർമ്മിക്കുന്ന ചിത്രത്തിന്റെ പൂജ നേരത്തെ കഴിഞ്ഞിരുന്നു. സിനിമയിൽ നിവിൻ പോളിക്കും നയൻ താരയ്‌ക്കുമൊപ്പം ഉറുവശിയും അജുവും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

വടക്കു നോക്കിയന്ത്രത്തിലൂടെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളായിരുന്നു ദിനേശനും ശോഭയും. ലൗ ആക്ഷൻ ഡ്രാമയിലൂടെ ഈ കഥാപാത്രങ്ങൾക്ക് ജീവൻ നൽകുകയാണ് ധ്യാൻ ശ്രീനിവാസൻ.

തന്റെ ആദ്യ സംവിധായക സംരംഭത്തിലെ പ്രധാന താരങ്ങൾക്ക് അച്ഛന്റെ സൂപ്പർ ഹിറ്റ് ചിത്രത്തിലെ താരങ്ങളുടെ പേരുകൾ നൽകിയ ധ്യാൻ ശ്രീനിവാസൻ ഇനിയുമേറെ കൗതുകങ്ങൾ ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സമ്മാനിക്കുമെന്നാണ് ചിത്രവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിക്കുന്നത്.