‘രാക്ഷസന്‍’ തെലുങ്കിലേക്ക്; നായികയായി അനുപമ പരമേശ്വരന്‍

February 27, 2019

മികച്ച പ്രതികരണം നേടിയ തമിഴ് ചിത്രമാണ് ‘രാക്ഷസന്‍’. ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുകയാണ്. നവാഗതനായ രമേഷ് വര്‍മ്മയാണ് രാക്ഷസന്‍ തെലുങ്കില്‍ റീമേക്ക് ചെയ്യുന്നത്. അനുപമ പരമേശ്വരന്‍ നായികയായെത്തും.

സൈക്കോ ത്രില്ലര്‍ എന്ന് എളുപ്പത്തില്‍ വിശേഷിപ്പിക്കാവുന്ന ‘രാക്ഷസന്‍’ എന്ന ചിത്രം ഏറെ നിരൂപകപ്രശംസയും നേടിയിരുന്നു. രാംകുമാറാണ് തമിഴില്‍ ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രം കണ്ടിറങ്ങിയവരുടെ ഉള്ളില്‍ ആഴത്തില്‍ ഇടംപിടിച്ചിരുന്നു രാക്ഷസനിലെ ചില മാജിക് രംഗങ്ങള്‍. ഈ ദൃശ്യങ്ങള്‍ പിറന്നതിന് പിന്നിലെ സാങ്കേതീക വിദ്യകളും പിന്നീട് അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചിരുന്നു. ചിത്രത്തിന്റെ വിഎഫ്എക്‌സ് നിര്‍വ്വഹിച്ച അക്ഷ സ്റ്റുഡിയോയാണ് രാക്ഷസനിലെ സാങ്കേതിക വിദ്യ വ്യക്തമാക്കുന്ന വീഡിയോ പുറത്തുവിട്ടത്.

വിഷ്ണു വിശാലാണ് രാക്ഷസനില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ സൈക്കോ കൊലയാളി ക്രിസ്റ്റഫറിനെ വെള്ളിത്തിരയില്‍ എത്തിച്ചത് ശരവണനായിരുന്നു. തീയറ്ററുകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു ശരവണന്റേത്. അമല പോള്‍ ആയിരുന്നു രാക്ഷസന്റെ തമിഴ് പതിപ്പില്‍ നായികയായെത്തിയത്. വിശാലിന് പകരം ബെല്ലംകൊണ്ട ശ്രീനിവാസാണ് തെലുങ്ക് പതിപ്പില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്.