’96’ ന്റെ സംവിധായകന് വിജയ് സേതുപതിയുടെ സ്‌നേഹസമ്മാനം

February 4, 2019

മികച്ച പ്രതികരണം നേടി പ്രേക്ഷകഹൃദയങ്ങളില്‍ ഇടം നേടിയ ചിത്രമാണ് 96. വിജയ് സേതുപതിയും തൃഷയും ഒരുമിച്ചഭിനയിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ചിത്രത്തിലെ ഓരോ ഗാനങ്ങളും ചില രംഗങ്ങളുമെല്ലാം ഏറെ ഇഷ്ടത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. ബോക്‌സ്ഓഫീസിലും ചിത്രം വിജയം നേടി.

ഇപ്പോഴിതാ തന്റെ സിനിമാജീവിതത്തില്‍ മനോഹരമായൊരു ചിത്രം സമ്മാനിച്ച പ്രിയ സംവിധിയകന് സ്‌നേഹ സമ്മാനം നല്‍കിയിരിക്കുകയാണ് വിജയ് സേതുപതി. 96 ന്റെ സംവിധായകനായ പ്രേം കുമാറിന് മൂന്ന് ലക്ഷം രൂപ വിലവരുന്ന ഒരു ബുള്ളറ്റാണ് മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി സമ്മാനിച്ചത്. 0096 എന്നതാണ് ബുള്ളറ്റിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍. തമിഴകത്തെ ചില മാധ്യമങ്ങളാണ് ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

2018 ഒക്ടോബര്‍ നാലിനാണ് ’96’ തീയറ്ററുകളിലെത്തിയത്. തികച്ചും വിത്യസ്തമായൊരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ വിജയ് സേതുപതി അവതരിപ്പിക്കുന്നത്. 1996 ലെ സ്‌കൂള്‍ പ്രണയം ചിത്രത്തിലെ മുഖ്യ പ്രമേയം. കഥാപാത്രത്തിന്റെ വിത്യസ്തമായ മൂന്നു ഘട്ടങ്ങളെയും വിജയ് സേതുപതി ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. ഒരു റൊമാന്റിക് കോമഡി ചിത്രമാണ് 96. രാജസ്ഥാനിലും കൊല്‍ക്കത്തയിലുമായിട്ടായിരുന്നു സിനിമയുടെ ചിത്രീകരണം.

ജനകരാജ്, വിനോദിനി, കാളി വെങ്കട് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മഹേന്ദ്രന്‍ ജയരാജും എന്‍ ഷണ്‍മുഖ സുന്ദരവും ചേര്‍ന്നാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഗോവിന്ദ് പി മേനോനാണ് സംഗീതം. മദ്രാസ് എന്റര്‍പ്രൈസിസിന്റെ ബാനറില്‍ എസ്. നന്ദഗോപാലാണ് ചിത്രത്തിന്റെ നിര്‍മ്മാണം.