രാജീവ് രവി- നിവിന്‍ പോളി കൂട്ടുകെട്ടില്‍ ‘തുറുമുഖം’ ഒരുങ്ങുന്നു

March 3, 2019

രാജീവ് രവി- നിവിന്‍ പോളി കൂട്ടുകെട്ടില്‍ പുതിയ ചിത്രമൊരുങ്ങുന്നു. ‘തുറുമുഖം’ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങി. ‘കമ്മട്ടിപ്പാടം’ എന്ന ചിത്രത്തിനു ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തുറുമുഖം’. കൊച്ചിയിലെ തുറുമുഖത്തെ തൊഴിലാളികളുടെ കഥയാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. ഇത് വ്യക്തമാക്കുന്ന തരത്തിലുള്ളതാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും. രാജീവ് രവി സംവിധാനം ചെയ്യുന്ന ആദ്യ നിവിന്‍ പോളി ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

നിരവധി താരനിരകളെ അണിനിരത്തിയാണ് ‘തുറുമുഖം’ ഒരുക്കുന്നത്. നിവിന്‍ പോളിക്ക് പുറമെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ജേതാവ് നിമിഷ സജയന്‍, ബിജു മേനോന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, ഇന്ദ്രജിത്ത്, മണികണ്ഠന്‍ ആചാരി തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. നീണ്ട ഒരിടവേളയ്ക്ക ശേഷം പൂര്‍ണ്ണിമ ഇന്ദ്രജിത്ത് ചലച്ചിത്രലോകത്തേക്ക് മടങ്ങിയെത്തുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. 1950 കാലഘട്ടങ്ങളിലെ കഥയാണ് ചിത്രം പറയുന്നതെന്നും ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

read more:കിടിലന്‍ താളത്തില്‍ ‘ഓട്ട’ത്തിലെ പുതിയ ഗാനം; വീഡിയോ

തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ടാണ് ‘തുറുമുഖം’ എന്ന ചിത്രത്തിന്റെ നിര്‍മ്മാണം. ഗോപന്‍ ചിതംബരത്തിന്റേതാണ് കഥ. കൊച്ചി തുറുമുഖത്ത് നിലനിന്നിരുന്ന ‘ചാപ്പ’ എന്ന സമ്പ്രദായത്തെക്കുറിച്ചാണ് തുറുമുഖം എന്ന സിനിമയൊരുങ്ങുന്നതെന്നും ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. രക്തചൊരിച്ചിലികള്‍ക്കു പോലും കാരണമായിട്ടുണ്ട് ഈ സമ്പ്രദായം. തൊഴിലിനായി കടപ്പുറത്തു കാത്തുനില്‍ക്കുന്നവര്‍ക്ക് കപ്പലിലെ മേല്‍നോട്ടക്കാരന്‍ ചാപ്പ എന്നറിയപ്പെടുന്ന ലോഹ ടോക്കണ്‍ വലിച്ചെറിയാറുണ്ടായിരുന്നു. ഈ ടോക്കണ്‍ ലഭിക്കുന്നവര്‍ക്കാണ് തൊഴിലെടുക്കാന്‍ അവസരമുള്ളത്. അതിനാല്‍ ടോക്കണ്‍ ലഭിക്കുന്നതിനുവേണ്ടി ഓടിയും തമ്മിലടിച്ചും തൊഴിലാളികള്‍ പരക്കം പായുക പതിവായിരുന്നു. നിരവധി പ്രക്ഷോപങ്ങള്‍ക്കും ‘ചാപ്പ’ എന്നറിയപ്പെടുന്ന ഈ സമ്പ്രദായം വഴിതെളിച്ചിട്ടുണ്ട്.