അക്വാമാന് രണ്ടാം ഭാഗം വരുന്നു

March 5, 2019

തീയറ്ററുകളില്‍ ദൃശ്യവിസ്മയങ്ങള്‍ തീര്‍ത്ത മനോഹര ചിത്രമാണ് ‘അക്വാമാന്‍’. ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു എന്ന വാര്‍ത്തയാണ് പ്രേക്ഷകരില്‍ ആകാംഷ ഉണര്‍ത്തുന്നത്. ലോകവ്യാപകമായി റിലീസ് ചെയ്ത അക്വാമാന്‍ പ്രേക്ഷകര്‍ ഒന്നാകെ ഏറ്റെടുത്ത ഹളിവുഡ് ചിത്രമാണ്. ബോക്‌സ് ഓഫീസ് കളക്ഷനിലും ഉന്നത വിജയം കൊയ്തിരുന്നു ഈ ചിത്രം.

ജെയിംസ് വാന്‍ ആണ് അക്വാമാന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. കുട്ടിപ്രേക്ഷകരുടെ ഇഷ്ട കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളിലൊന്നായ അക്വാമാന്റെ കഥയാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. ഹോളിവുഡ് താരം ജാസണ്‍ മെമോവ ആണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. ഡേവിഡ് ലെസ്ലി ജോണ്‍സണ്‍ ഗോള്‍ഡ്‌റിക് ആണ് അക്വാമാന്റെ ആദ്യ ഭാഗത്തിന് തിരക്കഥ ഒരുക്കിയത്. 2022 ഡിസംബറില്‍ അക്വാമാന്റെ രണ്ടാം ഭാഗം തീയറ്ററുകളിലെത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം ചിത്രത്തിന്‍ ആദ്യ ഭാഗത്തിന് തിരക്കഥ എഴുതിയ ഡേവിഡ് ലെസ്ലി ജോണ്‍സണ്‍ ഗോള്‍ഡ്‌റിക് തന്നെയായിരിക്കും രണ്ടാം പതിപ്പിനും തിരക്കഥ ഒരുക്കുന്നതെന്നാണ് ലഭിക്കുന്ന സൂചന.

Read more:ഈ ഷമ്മിയും ഹീറോ തന്നെ; സംസ്ഥാന അവാര്‍ഡ് നേട്ടത്തില്‍ സന്തോഷം പങ്കുവെച്ച് ഷമ്മി തിലകന്‍

അക്വാമാന്‍ തീയറ്ററുകളിലെത്തും മുമ്പുതന്നെ ചിത്രത്തിന്റെ ട്രെയ്‌ലര്‍ ശ്രദ്ധേയമായിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യത ട്രെയിലറിനും ലഭിച്ചിരുന്നു. യുട്യൂബില്‍ റിലീസ് ചെയ്ത ട്രെയ്‌ലര്‍ പതിനാല് ലക്ഷത്തിലധികം ആളുകളാണ് ഒരു ദിവസം കൊണ്ട് കണ്ടത്. ദൃശ്യവിസ്മയങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടായിരുന്നു ട്രെയ്‌ലര്‍ ഒരുക്കിയതും. ച്രെയ്‌ലറിലെ ഈ മികവ് ചിത്രത്തിലും സൂക്ഷിക്കാന്‍ അക്വാമാന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും സാധിച്ചു. വാര്‍ണര്‍ ബ്രോസ് ആണ് അക്വാമാന്റെ നിര്‍മ്മാണം. ആംബര്‍ ഹെര്‍ഡാണ് ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

പോള്‍ നോറിസും മോര്‍ട്ട് വെയ്‌സിംഗും ചേര്‍ന്ന് എഴുതിയ അക്വാമാന്‍ എന്ന ഫിക്ഷനെ അാധാരമാക്കിയാണ് ഡേവിഡ് ലെസ്ലി ജോണ്‍സണ്‍ ഗോള്‍ഡ്‌റിക്  ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. മൂന്നു വര്‍ഷമെടുത്തു ആദ്യഭാഗത്തിന് തിരക്കഥ എഴുതാന്‍. എന്നാല്‍ അക്വാമാന്‍റെ രണ്ടാം ഭാഗത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.