ആക്ഷനും പ്രണയവും നര്‍മ്മവും നിറച്ച് ‘കളിക്കൂട്ടുകാര്‍’; പുതിയ ട്രെയ്‌ലര്‍

March 2, 2019

‘അതിശയന്‍’ ‘ആനന്ദഭൈരവി’ എന്നി സിനിമകളിലൂടെ മലയാള സിനിമയില്‍ ബാലതാരമായി എത്തിയ ദേവദാസ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘കളിക്കൂട്ടുകാര്‍’. പി കെ ബാബുരാജ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. മാര്‍ച്ച് എട്ടിന് കളിക്കൂട്ടുകാര്‍ തീയറ്ററുകളിലെത്തും. ചിത്രത്തിന്റെ പുതിയ ട്രെയ്‌ലര്‍ പുറത്തിറങ്ങി. നര്‍മ്മ മുഹൂര്‍ത്തങ്ങളും പ്രണയവും ആക്ഷന്‍ രംഗങ്ങളുമെല്ലാം കോര്‍ത്തിണക്കിക്കൊണ്ടാണ് ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നത്.

കളിക്കൂട്ടുകാരിലെ നേരത്തെ പുറത്തിറങ്ങിയ വീഡിയോ ഗാനങ്ങളും ശ്രദ്ധേയമായിരുന്നു. മികച്ച പ്രേക്ഷകസ്വീകാര്യതയാണ് ഈ വീഡിയോ ഗാനങ്ങള്‍ക്കും ലഭിച്ചത്.

‘മൈലാഞ്ചി ചോപ്പണിഞ്ഞേ…’ എന്നു തുടങ്ങുന്ന ഗാനമാണ് ചിത്രത്തിലേതായി ഒടുവില്‍ പുറത്തിറങ്ങിയത്. റഫീഖ് അഹമ്മദിന്റേതാണ് വരികള്‍. വിനു തോമസ് സംഗീതം പകര്‍ന്നിരിക്കുന്നു. വിനീത് ശ്രീനിവാസനും റിമി ടോമിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഒരു മൈലാഞ്ചി കല്യാണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്.

‘നീയൊരാള്‍ മാത്രമെന്‍…’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. ബികെ ഹരിനാരായണന്റേതാണ് വരികള്‍. വിനു തോമസ് സംഗീതം പകര്‍ന്നിരിക്കുന്നു. നജീം അര്‍ഷാദും ശ്വേത മോഹനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മനഹോരമായ ദൃശ്യചാരുതയും ഗാനത്തിലുടനീളം ഇടംനേടിയിട്ടുണ്ട്.

read more:താന്‍ കണ്ട ഏറ്റവും മികച്ച മലയാള ചിത്രം ‘സുഡാനി ഫ്രം നൈജീരിയ’യാണെന്ന് ഫഹദ് ഫാസില്‍

അതിശയനെ സ്വീകരിച്ച മലയാളി പ്രേക്ഷകര്‍ പുതിയ ചിത്രവും ഇരുകൈകളും നീട്ടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. പടിക്കല്‍ ഭാസി തിരക്കഥയെഴുതിയ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് പ്രദീപ് നായരാണ്. രഞ്ജി പണിക്കര്‍, ഷമ്മി തിലകന്‍, സലീം കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

2007ല്‍ പുറത്തിറങ്ങിയ ഒരു ശാസ്ത്രസാങ്കല്പിക മലയാള ചലച്ചിത്രമാണ് ‘അതിശയന്‍’. വിനയനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ‘ഹല്‍ക്ക്’ എന്ന അമേരിക്കന്‍ ചലച്ചിത്രത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ഒരുക്കിയിരിക്കുന്നതാണ് ഈ ചിത്രം. ഒരു അമാനുഷിക (സൂപ്പര്‍ ഹീറോ) കഥാപാത്രത്തിന്റെ കഥയാണ് ചിതത്രത്തിന്റെ മുഖ്യ പ്രമേയം. ദേവദാസിനു പുറമെ ജാക്കി ഷ്രോഫ്, ജയസൂര്യ, കാവ്യ മാധവന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നു.

ബോളിവുഡ് നടന്‍ ജാക്കി ഷ്രോഫ് അഭിനയിക്കുന്ന ആദ്യ മലയാള ചലച്ചിത്രമാണ് അതിശയന്‍.’ചിത്രത്തിലെ അതിശയന്‍’ എന്ന അമാനുഷിക കഥാപാത്രം ഏറെ ജനശ്രദ്ധ നേടയിരുന്നു. ചിത്രത്തിലെ അതിശയന്‍ എന്ന കഥാപാത്രത്തെയാണ് ദേവദാസ് അവതരിപ്പിച്ചത്.