ലൂസിഫറിലെ ആ ‘ഇടിവെട്ട്’ പാട്ടെത്തി; വീഡിയോ

March 31, 2019

തീയറ്ററുകളില്‍ മികച്ച പ്രേക്ഷകപ്രതികരണം നേടി മുന്നേറുകയാണ് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ലൂസിഫര്‍ എന്ന ചിത്രം. മലയാളികളുടെ  പ്രിയതാരം പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരംഭമാണ് ലൂസിഫര്‍. തീയറ്ററുകളില്‍ ശ്രദ്ധേയമായ ചിത്രത്തിലെ ഒരു ഗാനവും പുറത്തെത്തി. മികച്ച സ്വീകാര്യതയാണ് യുട്യൂബില്‍ റിലീസ് ചെയ്ത ഗാനത്തിനും ലഭിക്കുന്നത്. ലൂസിഫറിലെ ‘കടവുളെ പോലെ…’ എന്നു തുടങ്ങുന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിലെ ഒരു ഫൈറ്റ് സോങാണ് ഇത്.

മാര്‍ച്ച് 28- നാണ് ലൂസിഫര്‍ തീയറ്ററുകളിലെത്തിയത്. ചരിത്രം കുറിച്ചുകൊണ്ടുതന്നെയായിരുന്നു ചിത്രത്തിന്‍റെ റിലീസ്. 43 രാജ്യങ്ങളില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമ എന്ന റെക്കോര്‍ഡ് ഇതിനോടകം തന്നെ ലൂസിഫര്‍ സ്വന്തമാക്കിയിട്ടുണ്ട്.

മികച്ച ഒരു സസ്പെന്‍സ് ത്രില്ലറാണ് ലൂസിഫര്‍.  ജനനേതാവായ പി കെ ആർ എന്ന പി കെ രാംദാസിന്റെ മരണത്തിൽ നിന്നുമാണ്   ചിത്രത്തിന്‍റെ ആരംഭം. പി കെ ആറിന്റെ മരണത്തെ മുതലെടുക്കുന്ന ഒരുകൂട്ടരിലൂടെയും  അവർക്കെതിരെ പോരാടുന്ന സ്റ്റീഫൻ നെടുമ്പള്ളിയിലൂടെയുമാണ് ചിത്രം വികസിക്കുന്നത്.

പ്രേക്ഷകർക്ക് ആവേശം നിറയ്ക്കുന്ന സീനുകളും മരണമാസ് ഡയലോഗുകളുമായി ചിത്രത്തിന്റെ ആരംഭം മുതൽ അവസാനം വരെ ആരാധകരെ തിയേറ്ററുകളിൽ പിടിച്ചിരുത്തുന്ന സിനിമയാണ് ലൂസിഫർ. അഭിനയത്തിൽ വിസ്‌മയം സൃഷ്ടിക്കുന്ന മോഹൻലാൽ എന്ന കലാകാരനെ മലയാളികൾ കാണാൻ ആഗ്രഹിച്ച രീതിയിൽ സമ്മാനിക്കാൻ പൃഥ്വിരാജിന് കഴിഞ്ഞു എന്നത് മാത്രമല്ല, ചെറുതും വലുതുമായ ഓരോ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിലും സംവിധായകൻ പുലർത്തിയ മികവ് അസാമാന്യമെന്ന് തന്നെ പറയാം.

Read more:കളര്‍ഫുള്ളായി ദുല്‍ഖര്‍ സല്‍മാന്‍; ‘ഒരു യമണ്ടന്‍ പ്രേമകഥ’യുടെ ടീസര്‍

ചിത്രത്തിൽ വില്ലനായി അവതരിച്ച വിവേക്  ഒബ്‌റോയിയുടെ പ്രകടനവും, പി കെ ആറിന്റെ മകളും ശക്തയായ അമ്മയുമായി വെള്ളിത്തിരയിൽ വിസ്മയം സൃഷ്ടിച്ച് മഞ്ജുവും, ജതിൻ രാംദാസ് എന്ന ശക്തനായ നേതാവായി ടോവിനോയും, കൊല്ലാനും വളർത്താനുമറിയാവുന്ന  നേതാവായി സായ്‌കുമാറും, സത്യാന്വേഷകനായി എത്തിയ ഇന്ദ്രജിത്തുമടക്കം എല്ലാ കഥാപാത്രങ്ങളും തങ്ങളുടെ കഥാപാത്രങ്ങളെ അതിന്റെ പൂർണതയിൽ എത്തിക്കാൻ ശ്രമിച്ചിട്ടുണ്ട്. മുരളി ഗോപിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ദീപക് ദേവ് സംഗീതം പകര്‍ന്നിരിക്കുന്നു. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.