ലോകത്തെ ഏറ്റവും മികച്ച നോവൽ ഏകാന്തതയുടെ നൂറ് വർഷങ്ങൾ ഇനി നെറ്റ്ഫ്ലിക്സിൽ

ലോകത്തെ ഏറ്റവും മികച്ച നോവലുകളിൽ ഒന്നാണ് ഗബ്രിയേൽ ഗാർഷ്വാ മാർക്വസിന്റെ ഏകാന്തതയുടെ നൂറ് വർഷങ്ങൾ (One Hundred years of Solitude). ഇരുപതാം നൂറ്റാണ്ടിൽ ഏറെ ചർച്ച ചെയ്യപ്പെട്ട നോവൽ വെള്ളിത്തിരയിലേക്ക് എത്താൻ ഒരുങ്ങുകയാണ്. ഓൺലൈൻ സ്ട്രീമിംങ് നെറ്റ്ഫ്ലിക്സിലൂടെ സീരിസായാണ് ചിത്രം പുറത്തിറങ്ങുന്നത്.
47 ദശലക്ഷം കോപ്പികൾ വിറ്റഴിക്കപ്പെട്ട ബുക്ക് ഏകദേശം 46 ഭാഷകളിലായി മൊഴിമാറ്റപ്പെട്ടിരുന്നു. ഇപ്പോൾ വെബ് സീരിസായി പുറത്തിറങ്ങുന്ന ഏകാന്തതയുടെ നൂറ് വർഷങ്ങൾ സ്പാനിഷ് ഭാഷയിലാണ് പുറത്തിറങ്ങുന്നത്. ഗബ്രിയേൽ ഗാർഷ്വാ മാർക്വസിന്റെ മക്കളായ റോഡ്റിഗോ ഗാർഷ്വാ, ഗോൺസാലോ ഗാർഷ്വാ എന്നിവർ ചിത്രത്തിന്റെ എക്സിക്യൂട്ടീവായി പ്രവർത്തിക്കുമെന്നാണ് റിപ്പോർട്ട്.
ഗബ്രിയേൽ ഗർഷ്വാ മാർക്വേസിന്റെ മാസ്റ്റർ പീസായി നിരൂപകർ വിലയിരുത്തുന്ന നോവലാണ് ഏകാന്തതയുടെ നൂറ് വർഷങ്ങൾ. സ്പാനിഷ് ഭാഷയിൽ 1967-ൽ പുറത്തിറങ്ങിയ ഈ നോവൽ 1982ലെ സാഹിത്യ നൊബേൽ പുരസ്കാരം മാർക്വേസിനു നേടിക്കൊടുക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. മാജിക്കൽ റിയലിസം എന്ന സാഹിത്യ രീതിയിൽ പിറവിയെടുത്ത ഈ നോവൽ അദ്ദേഹത്തെ ലാറ്റിനമേരിക്കയിലെ മുൻനിര സാഹിത്യകാരനാക്കുന്നതിൽ പ്രധാന സ്ഥാനമായിരുന്നു.
മറകൊണ്ടാ എന്ന ഗ്രാമത്തിലെ ബുവണ്ടിയ എന്ന കുടുംബത്തിന്റെ ഏഴ് തലമുറയുടെ കഥ പറയുന്ന നോവലാണ് ഏകാന്തതയുടെ നൂറ് വർഷങ്ങൾ. ഒപ്പം സ്പാനിഷ് കോളനിവത്കരണത്തിന് ശേഷം ലാറ്റിനമേരിക്കയിൽ ഉണ്ടായ സംസ്കാരിക, സാമൂഹ്യ, രാഷ്രീയ മാറ്റങ്ങളാണ് നോവലിൽ വരച്ചുകാണിക്കുന്നത്.
അതേസമയം ഈ നോവൽ വെബ് സീരിസാകുമ്പോൾ ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഏകാന്തതയുടെ നൂറ് വർഷങ്ങൾ എന്ന നോവൽ വായിക്കാത്തവരായി ആരുമുണ്ടാവില്ല. അതുകൊണ്ടുതന്നെ ചിത്രം വെബ് സീരിസാകുമ്പോൾ ഏറെ ആകാംഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. കോളറക്കാലത്തെ പ്രണയം, തുടങ്ങി അദ്ദേഹത്തിന്റെ മറ്റ് നോവലുകൾക്കും ആരാധകർ ഏറെയാണ്.