വൈറസില്‍ രേവതിയും; ശ്രദ്ധേയമായി ലൊക്കേഷന്‍ ചിത്രം

March 28, 2019

നിപ്പ വൈറസ് പ്രമേയമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് വൈറസ്.  ഏപ്രില്‍ 26 ന് ചിത്രം തീയറ്ററുകളിലെത്തും എന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. രേവതി, ആസിഫ് അലി, പാര്‍വതി, റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, രമ്യ നമ്പീശന്‍, ചെമ്പന്‍ വിനോദ്, സൗബിന്‍ സാഹിര്‍, ദിലീഷ് പോത്തന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ശ്രദ്ധേയമാവുകയാണ് സിനിമയുടെ ഒരു ലൊക്കേഷന്‍ ചിത്രം. രേവതിയാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആരോഗ്യമന്ത്രി കെകെ ഷൈലജയുമായി രേവതിയുടെ ലുക്ക് ഏറെ സാമ്യം പുലര്‍ത്തുന്നുണ്ടെന്നാണ് സോഷ്യല്‍ മീഡിയയുടെ കമന്‍റ്.

വന്‍ താര നിര തന്നെയാണ് ചിത്രത്തിനു വേണ്ടി അണിനിരക്കുന്നത്. ‘ എല്ലാ കാലത്തും പ്രകൃതിയാണ് നമുക്ക് എതിരെ തിരിഞ്ഞത്’ എന്ന ഏര്‍ണസ്റ്റ് ഷാക്കള്‍ട്ടണിന്റെ വരികള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു പുതിയ പോസ്റ്ററും വൈറസിന്‍റേതായി അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ചിത്രത്തിന്റെ കഥയൊരുക്കുന്നത് മുഹ്‌സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ്. രാജീവ് രവിയാണ് ഛായാഗ്രഹണം. എഡിറ്റര്‍ സൈജു ശ്രീധരനും സംഗീതം സുഷിന്‍ ശ്യാമുമാണ്. ഒപിഎം ബാനറില്‍ റിമ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ്  വൈറസിന്റെ നിര്‍മ്മാണം. ഒരു സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ് വൈറസ് എന്നാണ് പുറത്തു വരുന്ന ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Read more:ഏപ്രില്‍ ഒന്നു മുതല്‍ വാഹനങ്ങള്‍ക്ക് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് നിര്‍ബന്ധം

ആഷിക് അബു 2009ല്‍ ‘ഡാഡികൂള്‍’ എന്ന ചിത്രത്തിലൂടെയാണ് സംവിധായക രംഗത്തെത്തുന്നത്. 2011ല്‍ പുറത്തിറങ്ങിയ ‘സാള്‍ട്ട് ആന്‍ഡ് പെപ്പര്‍’, 2012ലെ ’22 ഫീമെയില്‍ കോട്ടയം’ എന്നീ സിനിമകള്‍ പ്രമേയത്തിലെ വ്യത്യസ്തത കൊണ്ടും അവതരണത്തിലെ പുതുമകൊണ്ടും ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഈ സിനിമകള്‍ ആ വര്‍ഷത്തെ മികച്ച വാണിജ്യ വിജയം സ്വന്തമാക്കിയ സിനിമകള്‍ കൂടിയാണ്. സംവിധാനം കൂടാതെ സിനിമ നിര്‍മാതാവ്, വിതരണക്കാരന്‍, അഭിനേതാവ് എന്നീ നിലകളിലും ആഷിക് അബു മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ്.