അഭിനയത്തിൽ മാത്രമല്ല, ലൈറ്റിങ്ങിലും പിടി മുറുക്കി ടൊവിനോ

March 29, 2019

മലയാളികൾക്കിടയിൽ ഇപ്പോൾ ലൂസിഫർ തരംഗമാണ്. അന്തരീക്ഷം കനത്ത ചൂടിൽ നിൽക്കുമ്പോഴും ആരാധകരുടെ ആവേശത്തിന് ഒട്ടും കുറവില്ല. എങ്ങും ഇപ്പോൾ ലൂസിഫർ നിറഞ്ഞുനിൽക്കുകയാണ്. മലയാളികളുടെ പ്രിയപ്പെട്ട പൃഥ്വിരാജ് ആദ്യമായി സംവിധായകനായ ചിത്രമാണ് ലൂസിഫർ. ചിത്രത്തിൽ മുഖ്യകഥാപാത്രമായി എത്തുന്നത് മോഹൻലാൽ ആണ്. ചിത്രത്തിൽ പ്രധാന കഥാപാത്രമായി ടൊവിനോ തോമസും എത്തുന്നുണ്ട്.

ഇപ്പോഴിതാ ടൊവിനോ പങ്കുവെച്ച ഒരു രസകരമായ ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. മോഹൻലാലും ഭാര്യ സുചിത്രയും പൃഥ്വിക്കും സുപ്രിയയ്ക്കുമൊപ്പം നിൽക്കുന്ന ചിത്രത്തിൽ ലൈറ്റ് പിടിച്ചുകൊടുക്കുന്ന ടൊവിനോയുടെ ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ടോവിനോ തന്നെയാണ് ചിത്രം ഫേസ്ബുക്കിലൂടെയാണ് പങ്കുവെച്ചത്. ‘എനിക്ക് അഭിനയത്തിൽ മാത്രമല്ലടാ, ലൈറ്റിംഗിലുമുണ്ടെടാ പിടി’ എന്ന അടിക്കുറുപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ലൂസിഫറിൽ ജതിൻ രാംദാസ് എന്ന കഥാപാത്രമായാണ് ടൊവിനോ വേഷമിടുന്നത്.ടോവിനോയുടെ കഥാപാത്രത്തിന് മികച്ച സ്വീകാര്യതയാണ് തിയേറ്ററുകളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.

സ്റ്റീഫൻ നെടുമ്പള്ളിയായി മോഹൻലാൽ വേഷമിടുന്ന ചിത്രത്തിൽ മഞ്ജു വാര്യർ, ഇന്ദ്രജിത്ത്, സംവിധായകൻ ഫാസിൽ, സായ് കുമാർ, കലാഭവൻ ഷാജോൺ, സാനിയ അയ്യപ്പൻ തുടങ്ങി വൻ താരനിരകളാണ് അണിനിരക്കുന്നത്. ബോളിവുഡ് താരം വിവേക് ഒബ്‌റോയി വില്ലന്‍ വേഷത്തില്‍ എത്തുന്നു. മഞ്ജുവാര്യരാണ് ലൂസിഫറിലെ നായിക. മുരളി ഗോപിയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Read more: അവൻ അവതരിച്ചു, സിനിമ പ്രേമികൾക്കിടയിൽ ആവേശത്തിന്റെ ആർത്തിരമ്പൽ സൃഷ്ടിച്ചുകൊണ്ട് ലൂസിഫർ; റിവ്യൂ..

പൃഥിരാജ് സംവിധാന രംഗത്തേക്ക് ചുവടുവെയ്ക്കുന്നു എന്നു പ്രഖ്യാപിക്കപ്പെട്ടതു മുതല്‍ ആകാംഷയോടെയാണ് ആരാധകര്‍ ചിത്രത്തിനായ് കാത്തിരുന്നത്. ഈ പ്രതീക്ഷയ്ക്ക് മാറ്റു കൂട്ടിയാണ് ചിത്രവും ആരാധകരുടെ ഹൃദയത്തിൽ ഇടം നേടിയിരിക്കുന്നത്. ലോകമെങ്ങുമുള്ള മലയാളി പ്രേക്ഷകർ ഇതിനോടകം തന്നെ പൃഥ്വിരാജ് എന്ന സംവിധായകനെയും സ്റ്റീഫൻ നെടുമ്പള്ളിയേയും ഹൃദയത്തിൽ ഏറ്റെടുത്തുകഴിഞ്ഞു.