ചക്കിയെന്ന അമേയ ‘പാറുക്കുട്ടി’യായത് ഇങ്ങനെ; പാറുക്കുട്ടിയുടെ കുടുംബവിശേഷങ്ങള്‍

March 15, 2019

ടെലിവിഷന്‍ സ്‌ക്രീനില്‍ മാത്രമല്ല സോഷ്യല്‍ മീഡിയയില്‍ പോലും നിറ സാന്നിധ്യമാണ് ഫ്ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും എന്ന സീരിയലിലെ പാറുക്കുട്ടി. പിച്ച വെച്ചു നടക്കുന്നതിനു മുന്നേ ഫാന്‍സുകാരെ പോലും സൃഷ്ടിച്ചെടുത്തിട്ടുണ്ട് ഈ മിടുക്കി. അത്രയ്ക്ക് ഇഷ്ടമാണ് പ്രേക്ഷകര്‍ക്ക് പാറുകുട്ടിയെ. പാറുകുട്ടിയുടെ ചിരിയും കൊഞ്ചലും കാണാന്‍ പ്രേക്ഷകര്‍ ആവോളം കാത്തിരിക്കുന്നുണ്ട് എന്നു വേണം പറയാന്‍.

കരുനാഗപ്പള്ളിയിലെ പ്രയാര്‍ സ്വദേശികളായ അനില്‍ കുമാറിന്റെയും ഗംഗാലക്ഷ്മിയുടെയും രണ്ടാമത്തെ മകളാണ് പാറുക്കുട്ടി. അമേയ എന്നാണ് ശരിക്കുമുള്ള പേര്. ചക്കിയെന്നാണ് പാറുക്കുട്ടിയുടെ യഥാര്‍ത്ഥ കുടുംബക്കാര്‍ വിളിച്ചിരുന്നത്. കൊച്ചിയില്‍ വെച്ചു നടന്ന ഓഡിഷനിലൂടെ പാറുക്കുട്ടി ഉപ്പും മുളകും ടീമിലെത്തി.  സീരിയലിലെ കഥാപാത്രങ്ങളെല്ലാം പാറുകുട്ടിയെന്ന് വിളിച്ചു. പിന്നാലെ പ്രേക്ഷകരും ആ വിളി ഏറ്റെടുത്തു. ഇപ്പോള്‍ ചക്കിയെന്ന പേര് മാറി പാറുക്കുട്ടി എന്നു തന്നെയായി വീട്ടിലും.

ജനിച്ച് നാലാം മാസം മുതല്‍ക്കെ ഉപ്പും മുളകില്‍ അഭിനയിച്ച് തുടങ്ങിയതാണ് പാറുക്കുട്ടി. ഒരു വയസ് പിന്നിട്ട പാറുക്കുട്ടി ഇപ്പോള്‍ കുഞ്ഞിക്കുഞ്ഞു വാക്കുകളും സംസാരിച്ചു തുടങ്ങിയിരിക്കുന്നു. അടുത്തിടെ വിഷ്ണുവിനെ ‘ചേട്ടാ…എന്നു വിളിക്കുന്ന ഒരു രംഗം സംപ്രേക്ഷണം ചെയ്തിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഈ രംഗത്തിന് ലഭിക്കുന്നത്. ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ അങ്ങിങ്ങായി പങ്കുവെയ്ക്കപ്പെടുന്നുണ്ട് ഈ രംഗം.

Read more:ആലാപനത്തില്‍ വീണ്ടും അതിശയിപ്പിച്ച് ശ്രേയ ഘോഷാല്‍; ‘മേരാ നാം ഷാജി’യിലെ ഗാനം ശ്രദ്ധേയമാകുന്നു

ഷൂട്ടിങിന്റെ ഭാഗമായി മാസത്തില്‍ പതിനഞ്ച് ദിവസത്തോളം കൊച്ചിയിലാണ് പാറുക്കുട്ടി. സീരിയയിലെ ഓരോ താരങ്ങളും പാറുക്കുട്ടിക്ക് സ്വന്തം പോലെ തന്നെ. എല്‍കെജി വിദ്യാര്‍ത്ഥിനിയായ അനിഖയാണ് പാറുക്കുട്ടിയുടെ യഥാര്‍ത്ഥ ചേച്ചി. ഉപ്പും മുളകിലെ ഓരോ താരങ്ങളോടും അത്രമേല്‍ ആഴത്തില്‍ അടുപ്പം പുലര്‍ത്തുന്നുണ്ട് ഈ കുട്ടിത്താരം. പാറുക്കുട്ടിയുടെ മികവാര്‍ന്ന പ്രകടനം ഓരോ എപ്പിസോഡിനേയും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാക്കുന്നു.

2015 ഡിസംബര്‍ 14 മുതലാണ് ഉപ്പും മുളകും എന്ന സീരിയല്‍ ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്തു തുടങ്ങിയത്. അലങ്കാരങ്ങളുടെ പൊടിപ്പും തൊങ്ങലും ചേര്‍ക്കാതെ ഒരു കുടുംബത്തില്‍ നടക്കുന്ന കാര്യങ്ങള്‍ ഒരല്പം നര്‍മ്മംകൂടി ഉള്‍പ്പെടുത്തി അവതരിപ്പിക്കുകയാണ് ഈ പരിപാടിയില്‍.