ഫൂളായി ഞാനും; ഏപ്രില്‍ 1 ലോക വിഡ്ഢി ദിനമായത് ഇങ്ങനെ

April 1, 2019

രാവിലെ അടുക്കളയില്‍ ഒരല്പം തിരക്കിലായിരുന്നു ഞാന്‍. പതിവില്ലാതെ പുലര്‍ച്ചെ ഫോണ്‍ റിങ് ചെയ്തു. ഓടിച്ചെന്ന് എടുത്തപ്പോള്‍ ഒപ്പം ജോലി ചെയ്യുന്ന സനു. അവന്‍ വീടിനു പുറത്തുണ്ട്. വാതില്‍ തുറക്കുമോ എന്നൊരു ചോദ്യം. ‘ഒരു മിനിറ്റ് ഇപ്പോ തുറക്കാം എന്നു പറഞ്ഞ് ഞാന്‍ ഫോണ്‍ കട്ട് ചെയ്തു.

വാതില്‍തുറന്നു നോക്കിയിട്ടും ആരെയും കാണാതായപ്പോള്‍ ബ്ലിങ്കസ്യ ആയി നില്‍ക്കുന്ന എന്നെ നോക്കി ഉത്തമനായ ഭര്‍ത്താവ് ഒരു ചിരി. പിന്നാലെ ഒരു ഡയലോഗും, “എടി മണ്ടീ ഇന്ന് വിഡ്ഢിദിനമാ നിന്നെ പറ്റിച്ചതാ”.

“ശേ” എന്നു പറഞ്ഞ് സ്വന്തം തലയ്ക്കിട്ട് ഒരു കൊട്ടും കൊടുത്ത് ഞാന്‍ അടുക്കളയിലെ കലാപരിപാടികളില്‍ വീണ്ടും മുഴുകി… ഞാന്‍ മാത്രമായിരിക്കില്ല ഇന്ന് പറ്റിക്കപ്പെട്ടിരിക്കുക. പലരും ഈ ദിനത്തില്‍ പലരുടെയും ചെറുതും വലുതുമായ പറ്റിക്കപ്പെടലുകള്‍ക്ക് ഇരയായിട്ടുണ്ടാകാം. ഏപ്രില്‍ ഒന്ന് ലോക വിഡ്ഢി ദിനമാണെന്ന് അറിയാമെങ്കിലും പലപ്പോഴും നാം അറിയാതെ തന്നെ ഫൂളാക്കപ്പെടുന്നു എന്നതാണ് വാസ്തവം. ഏപ്രില്‍ ഒന്ന് ലോക വിഡ്ഢി ദിനമായത് എങ്ങനെ എന്നറിയാന്‍ എനിക്കും ഒരു കൗതുകം തോന്നിയപ്പോള്‍ സാക്ഷാല്‍ ഗൂഗിള്‍ ദൈവത്തെ ധ്യാനിച്ച് ഒന്ന് പരതി നോക്കി. കുറ്റബോധം തെല്ലുമില്ലാതെ വേണ്ടപ്പെട്ടവരേയും കൂട്ടുകാരെയുമെല്ലാം വ്യാജ കഥകളിലൂടെയും നുണകളിലൂടെയുമെല്ലാം പറഞ്ഞ് പറ്റിക്കുന്നതാണ് പൊതുവേ ഏപ്രില്‍ ഫൂളില്‍ അരങ്ങേറുന്നത്. യൂറോപ്പിലാണ് ഏപ്രില്‍ ഫൂള്‍ ആഘോഷം ആരംഭിച്ചതെങ്കിലും പിന്നീട് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഏപ്രില്‍ ഒന്നിനുള്ള ഈ ഫൂളാക്കലുകള്‍ തുര്‍ന്നു.

Read more:ചരിത്രംകുറിച്ച് ഐഎസ്ആര്‍ഒ; കുതിച്ചുയര്‍ന്ന് എമിസാറ്റ്

ഏപ്രില്‍ ഫൂളിന്‍റെ ചരിത്രത്തെക്കുറിച്ച് പലതരത്തിലുള്ള ഐതിഹ്യങ്ങളും വിവരണങ്ങളുമെല്ലാം പ്രചരിക്കുന്നുണ്ട്. ജെഫ്രി ചോസറിന്‍റെ കഥകളില്‍ നിന്നുമാണ് ഏപ്രില്‍ ഫൂളിന്‍റെ ആരംഭം എന്ന് ചിലര്‍ വാദിക്കുന്നു. എന്നാല്‍ പോപ്പ് ഗ്രിഗറി പതിമൂന്നാമന്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ അവതരിപ്പിച്ചതിന് ശേഷമാണ് ഏപ്രില്‍ ഫൂള്‍ ആരംഭിച്ചതെന്നാണ് ചരിത്രകാരന്‍മാരുടെ അവകാശവാദം. ജൂലിയന്‍ കലണ്ടറില്‍ നിന്നും ഗ്രിഗോറിയന്‍ കലണ്ടറിലേക്കുള്ള മാറ്റം ഏപ്രില്‍ ഒന്നിനാണെന്ന് പറയപ്പെടുന്നു. ഗ്രിഗോറിയന്‍ കലണ്ടറിലേക്ക് മാറിയതോടെ മാര്‍ച്ച് അവസാനം ആഘോഷിച്ചിരുന്ന പുതുവര്‍ഷം ജനുവരി ഒന്നിലേക്ക് മാറി എന്നാണ് പറയപ്പെടുന്നത്. ഇക്കാരണത്താലണത്രേ ഏപ്രില്‍ 1 വിഡ്ഢി ദിനമായത്.