ഇവിടെ മകൾ ജയിക്കണമെങ്കിൽ അച്ഛൻ തോൽക്കണം

April 8, 2019

കാര്യത്തിൽ അല്പം കൗതുകം- 1

ഇന്ത്യ മുഴുവൻ തിരഞ്ഞെടുപ്പിന്റെ ആവേശത്തിലും ആകാംഷയിലുമാണ്. ആര് ജയിക്കും ആര് തോൽക്കുമെന്ന് ഇന്ത്യൻ ജനത ഉറ്റു നോക്കികൊണ്ടിരിക്കുമ്പോൾ, ആന്ധ്രാപ്രദേശിലെ അരക് മണ്ഡലത്തിലാണ് ഏറെ രസകരമായ മത്സരം നടക്കുന്നത്. അരക് മണ്ഡലത്തിൽ ആരു ജയിച്ചാലും ആരു തോറ്റാലും വീട്ടിലൊരു എം പി ഉണ്ടാകുമെന്നതാണ് ഈ പോരാട്ടത്തിന്റെ സവിശേഷത. കാരണം ഇവിടെ മത്സരം അച്ഛനും മകളും തമ്മിലാണ്. പക്ഷെ മകൾ ജയിക്കണമെങ്കിൽ അച്ഛൻ തോൽവി സമ്മതിക്കണം. അച്ഛൻ ജയിക്കണമെങ്കിലോ മകൾ തലകുനിക്കണമത്രേ..

ലോക്സഭാ തിരഞ്ഞെടുപ്പിൽ പോരാട്ടത്തിനുറച്ച് അച്ഛനും മകളും നേർക്കുനേർ എത്തുമ്പോൾ അരക് മണ്ഡലം മുഴുവൻ സംശയത്തിലാണ്. മകൾക്ക് വോട്ട് ചെയ്ത് അച്ഛനെ തോൽപ്പിക്കണോ അതോ അച്ഛനൊപ്പം നിൽക്കണോ..? കോൺഗ്രസിൽ നിന്നും കൂറുമാറി ടി ഡി പിയിൽ ചേർന്ന മുൻ കേന്ദ്രമന്ത്രി വൈരിചാർല  കിഷോർ ചന്ദ്രദേവും മകൾ ശ്രുതി ദേവിയുമാണ് അങ്കത്തട്ടിൽ നേർക്കുനേർ എത്തുന്നത്. .

കോൺഗ്രസ് ടിക്കറ്റിലാണ് അഡ്വക്കേറ്റ് ശ്രുതി ദേവി മത്സരിക്കാൻ ഇറങ്ങുന്നത്. അച്ഛനൊപ്പം രാഷ്ട്രീയത്തിൽ സജീവ സാന്നിധ്യമായിരുന്ന ശ്രുതി ദേവിക്ക് അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പ് അത്ര പുതുമയുള്ള കാര്യമല്ല. അച്ഛന് വേണ്ടി  തിരഞ്ഞെടുപ്പു പ്രചരണങ്ങളിൽ മേൽനോട്ടം വഹിച്ചുകൊണ്ടിരുന്ന അഭിഭാഷികയും സാമൂഹ്യ പ്രവർത്തകയുമായിരുന്ന ശ്രുതി ദേവി അരക് മണ്ഡലത്തിനും പുതുമുഖമല്ല. അഞ്ചുതവണ ലോക്സഭാ അംഗമായിരുന്ന കിഷോർ ചന്ദ്ര രണ്ട് തവണ കേന്ദ്ര മന്ത്രിയായിരുന്നു. ഈ അടുത്തിടെയാണ് അദ്ദേഹം കോൺഗ്രസിൽ നിന്നും ടി ഡി പിയിലേക്ക് കളം മാറ്റി ചവിട്ടിയത്. അതുകൊണ്ടുതന്നെ ഒരു കുടുംബത്തിൽ നിന്നും രണ്ട് സ്ഥാനാർത്ഥികൾ എത്തുമ്പോൾ അച്ഛന്റെ രാഷ്ട്രീയ അടവുകൾ കണ്ടുപഠിച്ച മകളോ, രാഷ്ട്രീയത്തിന്റെ തന്ത്രങ്ങളും കുതന്ത്രങ്ങളും കണ്ടും കേട്ടും മനപ്പാഠമാക്കിയ അച്ഛനോ അരക് മണ്ഡലത്തിൽ  വിജയക്കൊടി മിന്നിക്കുക എന്നു കാത്തിരുന്ന് കാണാം…

സ്ത്രീപുരുഷ സമത്വവും ലിംഗനീതിയും നോട്ട് നിരോധനവും ജി എസ് ടിയുമൊക്കെ പ്രധാന വിഷയമാക്കി വോട്ട് ചോദിയ്ക്കാൻ ഇറങ്ങുന്ന ശ്രുതി, പിന്നോക്കക്കാർ അധികമുള്ള മണ്ഡലത്തിൽ അവർക്ക് നീതി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്. അതേസമയം അച്ഛനും മകൾക്കും പിന്നാലെ നാമനിർദ്ദേശ പത്രിക സമർപ്പിച്ച് വൈ എസ് ആർ കോൺഗ്രസും സ്ഥാനാർത്ഥിയെ നിർത്തിയിട്ടുണ്ട്.