പൂര്‍ണ്ണിമയ്ക്ക് ഒപ്പം അഭിനയിക്കാന്‍ സമ്മതിച്ചില്ലെന്ന് ഇന്ദ്രജിത്ത്; മനപൂര്‍വ്വം സമ്മതിക്കാത്തതാണെന്ന് ആഷിഖ് അബു: ചിരി വീഡിയോ

April 29, 2019

മലയാളികളുടെ എക്കാലത്തെയും ഇഷ്ട താരജോഡികളാണ് ഇന്ദ്രജിത്ത് സുകുമാരനും പൂര്‍ണ്ണിമ ഇന്ദ്രജിത്തും. ‘വൈറസ്’ എന്ന പുതിയ ചിത്രത്തിലൂടെ ഇരുവരും വെള്ളിത്തിരയില്‍ ഒരുമിച്ചെത്തുന്നു. കേരളത്തില്‍ പടര്‍ന്നുകയറിയ നിപാ വൈറസ് പ്രമേയമാക്കി ആഷിഖ് അബു സംവിധാനം നിര്‍വ്വിക്കുന്ന ചിത്രമാണ് ‘വൈറസ്’.കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയ്‌ലറും പുറത്തിറങ്ങി. എന്നാല്‍ വൈറസിന്റെ ട്രെയ്‌ലര്‍ ലോഞ്ചുമായി ബന്ധപ്പെട്ട് പുറത്തെത്തിയ രസകരമായ ഒരു വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ചിരി നിറയ്ക്കുന്നത്.

‘നീണ്ട ഒരിടവേളയ്ക്ക് ശേഷം ഭര്‍ത്താവിനൊപ്പം ഒരുമിച്ച് അഭിനയിക്കുന്നു. നിങ്ങളെ ഇന്നേവരെ ഒന്നിച്ച് സ്‌ക്രീനില്‍ കണ്ടില്ല. ഈ സിനിമയില്‍ എങ്കിലും നിങ്ങളെ ഒരുമിച്ച് കാണാനാവുമോ എന്ന അവതാരകന്റെ ചോദ്യത്തിനായിരുന്നു ഇന്ദ്രജിത്തിന്റെ രസകരമായ മറുപടി. ‘ഈ സിനിമയില്‍ ആഷിഖ് എനിക്ക് ഒരു ഷോട്ടു പോലും പൂര്‍ണിമയോടുകൂടെ തന്നില്ല. ഒരു സീനില്‍ പോലും ഞങ്ങളൊരുമിച്ചില്ല’ ഇന്ദ്രജിത്തിന്റെ മറുപടിയില്‍ വേദിയിലും ചിരി നിറഞ്ഞു.

ഇന്ദ്രജിത്തിന്റെ മറുപടി കേട്ട് ‘ ആഷിഖ് അത്ര ക്രൂരനാണോ’ എന്ന് അവതാരകന്‍ ആഷിഖ് അബുവിനോടു ചേദിച്ചു. ‘ഞാനത് മനപൂര്‍വ്വം ചെയ്തതാണെന്ന് ചിരിച്ചുകൊണ്ട് ആഷിഖ് അബുവും പറഞ്ഞു. എന്തായാലും ഇരുവരുടെയും മറുപടികള്‍ സാമൂഹ്യമാധ്യമങ്ങള്‍ ചിരി പടര്‍ത്തുകയാണ്.

Read more:‘മരങ്ങള്‍ക്കിടയില്‍ 96 ലെ റാമിന്റെ ജീവിതം’; ശ്രദ്ധേയമായി ഈ വയലിന്‍ സംഗീതം

നീണ്ട ഒരു ഇടവേളയ്ക്ക് ശേഷമാണ് പൂര്‍ണ്ണിമ  ഇന്ദ്രജിത്ത് വീണ്ടും മലയാള ചലച്ചിത്രലോകത്ത് മടങ്ങിയെത്തുന്നത്. ‘വൈറസ്’ എന്ന ചിത്രത്തിനു പുറമെ രാജീവ് രവിയുടെ ‘തുറമുഖം’ എന്ന ചിത്രത്തിലും പൂര്‍ണിമ അഭിനയിക്കുന്നുണ്ട്. ഇന്ദ്രജിത്തും ഈ ചിത്രത്തില്‍ ഉണ്ടെന്നതാണ് മറ്റൊരു കൗതുകം.

നായികയായും സഹനടിയായുമെല്ലാം മലയാളസിനിമയില്‍ ഒരുകാലത്ത് നിറഞ്ഞുനിന്നിരുന്ന താരമാണ് പൂര്‍ണ്ണിമ ഇന്ദ്രജിത്ത്. സിനിമയില്‍ നിന്നും വിട്ടുനിന്ന താരം അവതാരകയായും മിനിസ്‌ക്രീനില്‍ തിളങ്ങി. രണ്ടാം ഭാവം, വര്‍ണ്ണക്കാഴ്ചകള്‍, വല്യേട്ടന്‍, നാറാണത്തു തമ്പുരാന്‍, ഉന്നതങ്ങളില്‍, മേഖമല്‍ഹാര്‍, ഡാനി എന്നിവയാണ് പൂര്‍ണ്ണിമ ഇന്ദ്രജിത്തിന്റെ പ്രധാന സിനിമകള്‍.