ഇതിലിത്ര ആലോചിക്കാൻ എന്തിരിക്കുന്നു ഇഷ്ടതാരം ‘ധോണി’ തന്നെ; വൈറലായി കുട്ടി വാട്സന്റെ മറുപടി, വീഡിയോ

April 25, 2019

ക്രിക്കറ്റ് ലോകത്ത് ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് ഇന്ത്യൻ ക്രിക്കറ്റ് മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയോടുള്ള  ആരാധകരുടെ സ്നേഹം. പ്രായഭേദമന്യേ ആരാധകരുള്ള താരത്തിന്റെ മികച്ച പ്രകടനം മാത്രമല്ല തലയെ ആരാധകരുടെ പ്രിയപെട്ടവനാക്കുന്നത്, ആരാധകരോടുള്ള താരത്തിന്റെ സമീപനം കൂടിയാണ്. ലോകം മുഴുവൻ ആരാധകരുള്ള മഹിയുടെ പുതിയ കുട്ടി ആരാധകനാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്.

ഐ പി എല്ലിലെ ഏറ്റവും ശക്തരായ ടീമാണ് ചെന്നൈ സൂപ്പർ കിങ്‌സ്. ടീമിന്റെ ഓപ്പണർ ഷെയ്ൻ വാട്സൺ കഴിഞ്ഞ ദിവസം സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ മികച്ച തുടക്കം നടത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. താരത്തിന്റെ മകനും ക്രിക്കറ്റ് ആരാധകനുമായ ജൂനിയർ വാട്‌സനാണ് ക്രിക്കറ്റിൽ തന്റെ പ്രിയപ്പെട്ട താരത്തെ വെളിപ്പെടുത്തിയത്.

Read also: ഐ പി എല്ലിൽ നൂറടിച്ച് ക്യാപ്റ്റൻ കൂൾ; ആഘോഷമാക്കി ആരാധകർ

കഴിഞ്ഞ ദിവസത്തെ മത്‌സരത്തിന് ശേഷം ഗ്യാലറിയിൽ വാട്‌സൺ നടത്തിയ അഭിമുഖത്തിലാണ് തന്റെ ഇഷ്ടതാരത്തെ വെളിപ്പെടുത്തി കുട്ടി വാട്‌സൺ, വില്യം രംഗത്തെത്തിയത്. ചെന്നൈ സൂപ്പര്‍ കിങ്‌സിലെ ഇഷ്ടപ്പെട്ട ക്രിക്കറ്റര്‍ ആരെന്ന ചോദ്യത്തിന് അച്ഛന്റെ പേര് തന്നെയാണ് ആദ്യം കുട്ടിത്താരം പറഞ്ഞത്. എന്നാല്‍ വാട്‌സണ്‍ ഒരിക്കല്‍കൂടി ചോദ്യമാവർത്തിച്ചു.. അച്ഛനല്ലാതെ വേറെ ആരേയാണ് ടീമില്‍ ഏറ്റവും ഇഷ്ടമെന്ന് ..ഉടൻ തന്നെ ഒന്നും ആലോചിക്കാതെ വില്യം ഉത്തരവും നൽകി. ധോണിയെന്ന്.

ഇതോടെ സമൂഹ മാധ്യമങ്ങളിലും തരംഗമാകുകയാണ് തലയയുടെ ഈ കുട്ടി ആരാധകന്റെ വീഡിയോ.ലോകം മുഴുവനുള്ള ക്രിക്കറ്റ് പ്രേമികളുടെ ഈ ഇഷ്ടതാരത്തെ കാണാനും ചിത്രങ്ങൾ എടുക്കാനുമൊക്കെയായി നിരവധി ആളുകളാണ് ദിവസവും എത്തുന്നത്. കഴിഞ്ഞ ദിവസം ഐ പി എല്ലിനിടെ മുംബൈ ഇന്ത്യൻസുമായുള്ള മത്സരത്തിന് ശേഷം തന്നെ കാണാൻ കാത്ത് നിന്ന മുത്തശ്ശിയായ ആരാധികയുടെ അടുത്തെത്തിയ ധോണിയുടെ ചിത്രങ്ങളും വീഡിയോകളും  സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു.