കണ്ടതിനും മേലെയാണ് ‘ലൂസിഫർ’; ചിത്രത്തിന് രണ്ടാം ഭാഗമുണ്ടോ..? അക്ഷമരായി ആരാധകർ

April 3, 2019

ലൂസിഫർ എന്ന ചിത്രം ഇന്ന് മലയാളികൾ ആഘോഷമാക്കുകയാണ്. നല്ല മാസ് ആക്ഷൻ സിനിമ എന്ന രീതിയിൽ മികച്ച പ്രതികരണം നേടിയ ചിത്രത്തെക്കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചർച്ചകളും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ്.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ തിരക്കഥാകൃത്ത് മുരളി ഗോപിയും, സംവിധായകൻ പൃഥ്വിരാജും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോഴത്തെ ചർച്ചകൾക്ക് വഴിതെളിച്ചത്. എൽ ബർഗ് എന്ന ക്യപാഷനോട് കൂടി കടലിലെ മഞ്ഞു  മലയുടെ ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ മുരളി ഗോപി പങ്കുവെച്ചത്. ഇതേ ചിത്രം തന്നെ കണ്ണുകൾ കണ്ടതിനപ്പുറം ഇനിയും ഒരുപാട് കാണാൻ ഉണ്ടെന്ന കുറിപ്പോടെയാണ് പൃഥ്വി പങ്കുവെച്ചത്.

അതേസമയം ഈ പോസ്റ്റിനെത്തുടർന്ന് നിരവധി ചർച്ചകളാണ് സജീവമായിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ കണ്ടതിനേക്കാൾ അധികമായി ചിത്രത്തിൽ ഒരുപാട് കാര്യങ്ങൾ മറഞ്ഞിരിപ്പുണ്ടെന്നാണ് ഒരു കൂട്ടർ അഭിപ്രായപ്പെടുന്നത്. എന്നാൽ ചിത്രത്തിൽ ഒരുപാട് കാര്യങ്ങൾ പറയാൻ ബാക്കിവെച്ചിട്ടുണ്ടെന്നും ഇത് സൂചിപ്പിക്കുന്നത് ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടെന്നുമാണെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്. എന്തായാലൂം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിക്കൊണ്ടിരിക്കുകയാണ് ലൂസിഫർ.
Read also:ആക്രമണത്തെ അതിജീവിച്ചവൾ മുന്നേറുകയാണ്; വൈറലായി ലക്ഷ്മിയുടെ ഡാൻസ്, കൈയ്യടിച്ച് സോഷ്യൽ മീഡിയ

തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിക്കൊണ്ടിരിക്കുന്ന ചിത്രത്തിൽ മോഹൻലാലാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മഞ്ജുവാര്യരാണ് ലൂസിഫറിലെ നായിക. ടോവിനോ തോമസ്, സായി കുമാർ, ഇന്ദ്രജിത്ത്, കലാഭവൻ ഷാജോൺ, സാനിയ അയ്യപ്പൻ, ബോളിവുഡ് താരം വിവേക് ഒബ്‌റോയ് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മുരളി ഗോപിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.