കടുത്ത ചൂടിൽ ആശ്വാസം പകർന്ന് ഒരു പോലീസ് സ്റ്റേഷൻ..
കടുത്ത വേനലിൽ നല്ല തണുത്ത മോരുംവെള്ളം വേണോ? വേണമെന്നാണ് ഉത്തരമെങ്കിൽ, ഒന്ന് പോലീസ് സ്റ്റേഷൻ കയറിയിറങ്ങിയാൽ മതി. പരാതിക്കാരനോ കുറ്റവാളിയോ എന്ന വേർതിരിവില്ലാതെ മോരു വിതരണം നടത്തി മാതൃക കാട്ടുകയാണ് കിളിമാനൂരിലെ നഗരൂർ പോലീസ് സ്റ്റേഷനിലെ പോലീസുകാർ.
നല്ല പച്ച മോരിൽ ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും ചതച്ചു ചേർത്ത് തണുത്ത വെള്ളമൊഴിച്ച് പാകത്തിന് ഉപ്പും ചേർത്ത് തയാറാക്കുന്ന ഈ മോരും വെള്ളം മേഡ് ഇൻ പോലീസാണ്. എസ് ഐ മുതൽ കോൺസ്റ്റബിൾ വരെ എല്ലാവരും സഹകരിക്കുന്ന മോര് വിതരണം തുടങ്ങിയിട്ട് ഒരു മാസത്തോളമായി. തുടക്കത്തിൽ പോലീസുകാർ സ്വന്തം പോക്കറ്റിൽ നിന്നാണ് ഇതിനായി പണം കണ്ടെത്തിയിരുന്നത്. എന്നാൽ ഇപ്പോൾ നിരവധി ആളുകളാണ് സഹായവുമായി രംഗത്തെത്തിയിരിക്കുന്നത്. 200 മുതൽ 250 ഗ്ലാസ് മോരുവെള്ളവരെയാണ് ദിവസവും ഈ പോലീസ് സ്റ്റേഷനിൽ ഇവർ വിതരണം ചെയ്യുന്നത്..
കടുത്ത ചൂടിൽ നിരവധി ആളുകളാണ് മോര് കുടിക്കുന്നതിനായി ഇവിടെ എത്തുന്നത്. ഒരു കുപ്പി വെള്ളത്തിനു വരെ ഉയർന്ന വിലയിടാകുമ്പോൾ തീർത്തും സൗജന്യമായാണ് ഈ മോരു വിതരണം എന്നത് എടുത്തുപറയേണ്ടത് തന്നെയാണ്. ശരീരം വേഗത്തില്‍ ക്ഷീണിക്കുന്ന ഈ കാലാവസ്ഥയില്‍ സംഭാരം കുടിക്കുന്നത് ശീലമാക്കുന്നത് നല്ലതാണ്. ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് മോരിന്റെ സ്ഥാനം.
Read also: ഹൃദയം കവരുന്ന മാന്ത്രികസംഗീതവുമായി സിത്താരയും മകളും; വീഡിയോ കാണാം
നിരവധി പോഷകങ്ങളും മോരില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ചൂടുകാലാവസ്ഥയില്‍ ശരീരം തളരുന്നതിന് നല്ലൊരു പരിഹാരമാണ് മോര്. പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, ലിപ്പിഡുകള്‍, എന്‍സൈമുകള്‍ എന്നിവയെല്ലാം മോരില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം പ്രദാനം ചെയ്യാന്‍ ഇവ സഹായിക്കും. സംഭാരം ശരീരത്തിലെ ജലാംശത്തെ നിലനിര്‍ത്തുന്നതിനും സഹായകമാണ്. വൈറ്റമിനുകള്‍ അടങ്ങിയിരിക്കുന്ന മോര് ദാഹത്തിനും ദേഹത്തിനും ഒരുപോലെ ഗുണകരമാണ്.
നാടിനു വേണ്ടി ഏതു സമയവും നിയമം നടപ്പാക്കാൻ സന്നിഹിതരായ പോലീസുകാർ ഇപ്പോൾ സന്തോഷത്തോടെ ജനങ്ങളുടെ ദാഹം ശമിപ്പിക്കുവാനും തയാറാണ്.