പ്രണയത്തിന്റെ നനവുള്ള ഓർമ്മകളുമായി ‘ഓർമ്മയിൽ ഒരു ശിശിരം’; ട്രെയ്‌ലർ കാണാം…

April 28, 2019

പ്രണയിക്കാത്തവരായി ആരുമുണ്ടാവില്ല..പ്രണയത്തിന്റെ മനോഹാരിതയും, വിരഹത്തിന്റെ നോവുമെല്ലാം സ്കൂൾ കാലഘട്ടിലെ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്.. എല്ലാവർക്കും കാണും പറയാൻ കഴിയാഞ്ഞതോ.. പറഞ്ഞിട്ടും നഷ്‌ടമായതോ ആയ, കാലം മറവിയുടെ പിന്നാമ്പുറങ്ങളിലേക്ക് ഒളിപ്പിച്ചുവച്ച ചില രസമുള്ള പ്രണയത്തിന്റെ ഓർമ്മകൾ. ഈ പ്രണയത്തിന്റെ ഓർമ്മകളിലേക്ക് പ്രേക്ഷകരെ എത്തിക്കുന്ന പുതിയ ചിത്രമാണ് ഓർമ്മയിൽ ഒരു ശിശിരം.

ചിത്രത്തിന്റെ പേര് പോലെ തന്നെ ചില രസമുള്ള ഓർമ്മകളുമായി എത്തുന്ന സിനിമയുടെ ട്രെയ്‌ലറാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. പ്രണയത്തിന്റെ പവിത്രതയും , കുടുംബബന്ധത്തിന്റെ തീവ്രതയുമൊക്കെ മനോഹരമായി ആവിഷ്കരിച്ചിരിക്കുന്ന ട്രെയിലറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഗാനങ്ങളും നേരത്തെ പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം പിടിച്ചിരുന്നു. മനോഹരമായ പ്രണയകഥ പറയുന്നതിനൊപ്പം പ്രേക്ഷകരെ ചില പവിത്രമായ സ്കൂൾ പ്രണയത്തിന്റെ ഓർമ്മകളിലേക്ക് കൂടി കൊണ്ടെത്തിക്കാൻ ചിത്രത്തിന്റെ ട്രെയിലറിന് കഴിഞ്ഞിട്ടുണ്ട്. ആകാംഷയും ഗൃഹാതുരതയും ഉണർത്തുന്ന ട്രെയ്‌ലർ പോലെത്തന്നെ ചിത്രവും പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുമെന്ന പ്രതീക്ഷയിലാണ് സിനിമ പ്രേമികൾ.

Read also:‘സൗഹൃദം തേങ്ങയാണ്, മനുഷ്യത്വത്തിലാണ് കാര്യം’; മീ ടൂ വിവാദത്തിന് ശേഷം അലൻസിയർ തന്നെ സമവായ ചർച്ചകൾക്ക് വിളിച്ചിരുന്നു…വെളിപ്പെടുത്തലുമായി ശ്യാം പുഷ്കർ

വിവേക് ആര്യൻ സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ ദീപക്കാണ് നായകനായി വേഷമിടുന്നത്. മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച താരമാണ് ദീപക്. ചിത്രത്തിൽ  അലൻസിയർ, പാർവതി ടി, സുധീർ കരമന, സംവിധായകൻ ബേസിൽ ജോസഫ്, അനശ്വര, മൃദുല്‍, എല്‍ദോ, എന്നിവരും മുഖ്യ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. മാക്‌ട്രോ പിക്‌ചേഴ്‌സ് ഒരുക്കുന്ന ചിത്രത്തിന്റെ കഥ തയാറാക്കിയിരിക്കുന്നത് വിഷ്ണു രാജാണ്. രഞ്ജിന്‍ രാജ് സംഗീതം നിർവഹിച്ചിരിക്കുന്നു.