കേരളത്തിലടക്കം ഭീകരാക്രമണം, സന്ദേശം വ്യാജം; ടെലഫോണ്‍ സന്ദേശം നല്‍കിയ ആള്‍ പിടിയില്‍

April 27, 2019

കേരളമുള്‍പ്പെടെയുള്ള രാജ്യത്തെ എട്ട് ഇടങ്ങളില്‍ ഭീകരാക്രമണ മുന്നറിയിപ്പ് നല്‍കിക്കൊണ്ടുവന്ന ഫോണ്‍ സന്ദേശം വ്യാജമാണെന്ന് കണ്ടെത്തി. സന്ദേശം നല്‍കിയ ആളെ ബംഗ്ലൂരു പൊലീസ് കസ്റ്റഡിയിലെടുത്തു. അവലഹള്ളി സ്വദേശിയായ സ്വാമി സുന്ദര്‍മൂര്‍ത്തിയാണ് പെലീസ് പിടിയിലായത്. മുന്‍ സൈനികനായ ഇദ്ദേഹം ഇപ്പോള്‍ ഒരു ലോറി ഡ്രൈവറാണ്.

കര്‍ണാടക പൊലീസിനായിരുന്ന ഭീകരക്രമണവുമായി ബന്ധപ്പെട്ട ഫോണ്‍ സന്ദേശം ലഭിച്ചത്. കേരള, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, പോണ്ടിച്ചേരി, ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ഭീകരാക്രമണം ഉണ്ടാകുമെന്നായിരുന്നു ഫോണ്‍ സന്ദേശം. തമിഴ്‌നാട്ടിലെ ഹൊസൂറില്‍ നിന്ന് ഇന്നലെയാണ് സ്വാമി സുന്ദര്‍മൂര്‍ത്തി വിളിച്ചതെന്നും കര്‍ണാടക ഡി ജി പി വ്യക്തമാക്കിയിരുന്നു. തമിഴിലും ഹിന്ദിയിലും സംസാരിക്കുന്ന ഇയാള്‍, തനിക്ക് സുപ്രധാനമായ ഒരു വിവരം പങ്കുവെയ്ക്കാനുണ്ടെന്നാണ് പൊലീസിനെ അറിയിച്ചത്.


അതേസമയം ഭീകരാക്രമണ ഭീഷണി ലഭിച്ചതിനെ തുടര്‍ന്ന് ഡി ജി പി ജില്ലാ പൊലീസ് മേധാവികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിരുന്നു. പ്രധാനമായും ട്രെയിനുകള്‍ കേന്ദ്രീകരിച്ചായിരിക്കും ഭീകരാക്രമണം നടത്തുക എന്നും അയാള്‍ ടെലഫോണ്‍ സന്ദേശത്തില്‍ പറഞ്ഞിരുന്നു. ഇതിനായി 19 ഭീകരര്‍ തമിഴ്‌നാട്ടിലെത്തിയിട്ടുണ്ടെന്നും സന്ദേശത്തില്‍ പറഞ്ഞു. കര്‍ണാടക പെലീസ് മേധാവിയായ നിലമണി എന്‍ രാജു കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ പെലീസ് മേധവികള്‍ക്ക് ഉടന്‍തന്നെ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഡി ജി പിയുടെ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ആവശ്യമായ സുരക്ഷാ നടപടികള്‍ നമ്മുടെ സംസ്ഥാനം സ്വീകരിച്ചിരുന്നു.

ഭീകരാക്രമണം സന്ദേശം വ്യാജമാണെന്ന് കേരളാ പൊലീസും ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.