lakshya

വിധുവിന്റെ ‘സ്റ്റാൻഡ് അപ്പിൽ’ നായികമാരായി രജിഷയും നിമിഷയും

April 8, 2019

മാൻഹോൾ എന്ന ഒരൊറ്റ ചിത്രത്തിലൂടെ ജനശ്രദ്ധ നേടിയ വിധു വിൻസെന്റ് സംവിധാനം നിർവഹിക്കുന്ന പുതിയ ചിത്രമാണ് ‘സ്റ്റാൻഡ് അപ്പ്’. ആദ്യ ചിത്രത്തിലൂടെത്തന്നെ സംസ്ഥാന സർക്കാറിന്റെ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട രജീഷ വിജയനും, ഈ വർഷം സംസ്ഥാന സർക്കാരിന്റെ  മികച്ച നടിക്കുള്ള അവാർഡ് നേടിയ നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് സംവിധായിക വിധു.

സ്റ്റാൻഡ് അപ്പ് കോമഡി മുഖ്യപ്രമേയമാക്കി ഒരുക്കുന്ന ചിത്രം ജൂണിൽ ആരംഭിക്കുമെന്നാണ് അറിയുന്നത്. ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത് വിധുവിന്റെ മാൻഹോളിന് തിരക്കഥയൊരുക്കിയ ഓമനക്കുട്ടനാണ്. കേരളത്തിൽ അധികം പരിചിതമല്ലാത്ത സ്റ്റാൻഡ് അപ്പ് കോമഡി വിഷയമാക്കി ഒരുക്കുന്ന ചിത്രം മാൻഹോളിൽ നിന്നും തികച്ചും വ്യത്യസ്ഥമാണ്. ഒരു സ്റ്റാൻഡ് അപ്പ് കൊമേഡിയൻ അദ്ദേഹത്തിന്റെ ജീവിതത്തിൽ ഉണ്ടാകുന്ന എല്ലാ വിഷമങ്ങളെയും സന്തോഷത്തെയും സൗഹൃദങ്ങളെയുമെല്ലാം ഒരു കോമഡിയിലൂടെ കാണിക്കുന്നതാണ്. കോമഡിയാണ് ഇവരുടെ ജീവിതത്തെ അനാവരണം ചെയ്യുന്നത്.

വിധു വിൻസന്റ് എന്ന സംവിധായികയ്‌ക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് നിമിഷ സജയൻ. ‘മാൻഹോളിനെക്കുറിച്ചും വിധു വിൻസെന്റ് എന്ന സംവിധായികയെക്കുറിച്ചും ഒരുപാട് കേട്ടിട്ടുണ്ട്. ഒരു സംവിധായികയുടെ സിനിമയിൽ അഭിനയിക്കണമെന്നത് വലിയ ആഗ്രഹമായിരുന്നു. അത്  വിധുചേച്ചിയുടെ ഒപ്പമായതിൽ കൂടുതൽ സന്തോഷം’ നിമിഷ സജയൻ പറഞ്ഞു.

Read also: അലറിക്കരഞ്ഞ് ഷെയ്ൻ; ശ്രദ്ധേയമായി ‘ഇഷ്‌കിന്റെ’ ഡബ്ബിങ് വീഡിയോ

അതേസമയം തോട്ടിപ്പണിക്കാരുടെ ജീവിതകഥ പറഞ്ഞ മാൻഹോളിന് സംസ്ഥാന സർക്കാരിന്റെ രണ്ട് അവാർഡുകൾ ലഭിച്ചിരുന്നു. മികച്ച ചിത്രത്തിനും മികച്ച സംവിധായികയ്ക്കുമുള്ള അവാർഡാണ് മാൻഹോളിലൂടെ ലഭിച്ചത്. അതേസമയം അവാർഡുകൾ വാരിക്കൂട്ടിയ സംവിധായികയ്‌ക്കൊപ്പം മികച്ച നടിമാരായി  തിരഞ്ഞെടുക്കപ്പെട്ടവർ കൂടി ഒന്നിക്കുന്ന ചിത്രത്തിലൂടെ പിറവിയെടുക്കുന്ന പുതിയ അത്ഭുതത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ.