ഈ ഓസ്കാർ തിളങ്ങും; റിലീസിനൊരുങ്ങി ടൊവിനോ ചിത്രം

May 10, 2019

തൊടുന്നതൊക്കെ പൊന്നാക്കുന്ന യുവനായകന്മാരിൽ ഒരാളാണ് സിനിമാ പ്രക്ഷകരുടെ ആവേശമായ ടൊവിനോ തോമസ്. ടൊവിനോ നായകനായി എത്തുന്ന ചിത്രങ്ങളൊക്കെ ഏറെ ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഇപ്പോഴിതാ ആരാധകരെ ആവേശത്തിലാക്കി പുതിയ ചിത്രത്തിന്റ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് അണിയറ പ്രവർത്തകർ. ടൊവിനോ നായകാനായി എത്തുന്ന ‘ആന്‍ഡ് ദ് ഓസ്‌കാര്‍ ഗോസ് ടു’. എന്ന  ചിത്രമാണ് റിലീസിനൊരുങ്ങുന്നത്. ജൂണ്‍ 21 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ടൊവീനോ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് റിലീസ് തിയതി പുറത്തുവിട്ടത്.  ചിത്രത്തിന്റെ പോസ്റ്ററുകൾക്കെല്ലാം മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. സലീം അഹമ്മദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പത്തേമാരി എന്ന മമ്മൂട്ടി ചിത്രത്തിനു ശേഷം സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ആന്‍ഡ് ദ് ഓസ്‌കാര്‍ ഗോസ് ടു വിനുണ്ട്.

ഒരു സിനിമയ്ക്കുള്ളിലെ മറ്റൊരു സിനിമയാണ് ചിത്രത്തിലെ പ്രേമേയം. റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിലെ ശബ്ദ സംവിധാനം. മധു അമ്പാട്ടാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ബിജിബാലാണ് സംഗീതം. പ്രമേയത്തിലെ വിത്യസ്തതകൊണ്ടു തന്നെ ചിത്രം പ്രേക്ഷകര്‍ക്കിടയില്‍ ഏറെ സ്വീകാര്യത നേടിയേക്കും.

ആദാമിന്റെ മകന്‍ അബു’ എന്ന സിനിമയിലൂടെയാണ് സലീം അഹമ്മദ് ചലച്ചിത്ര സംവിധാന രംഗത്ത് ചുവടുവയ്ക്കുന്നത്. നാല് ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ സിനിമയാണ് ആദാമിന്റെ മകന്‍ അബു. ഈ ചിത്രത്തിലെ അഭിനയത്തിന് സലീം കുമാര്‍ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും സ്വന്തമാക്കി. മമ്മൂട്ടിയെ നായകനാക്കി സലീം അഹമ്മദ് സംവിധാനം നിര്‍വ്വഹിച്ച പത്തേമാരി എന്ന ചിത്രവും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. കഥാപ്രമേയം കൊണ്ടുതന്നെ സലീം അഹമ്മദിന്റെ ചിത്രങ്ങളെല്ലാം പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യത നേടുന്നുണ്ട്.

ചുരുങ്ങിയ കാലംകൊണ്ടുതന്നെ പ്രേക്ഷക ഹൃദയം കവര്‍ന്ന നടനാണ് ടൊവിനോ തോമസ്. ടൊവിനോയുടെ ഓരോ കഥാപാത്രങ്ങളെയും ആസ്വാദകര്‍ ഇരും കൈയും നീട്ടി സ്വീകരിച്ചു. അപ്പുവേട്ടനും മാത്തനും മറഡോണയുമെല്ലാം പ്രേക്ഷകഹൃദയങ്ങളില്‍ ഇടംപിടിച്ച ടൊവിനോടുടെ കഥാപാത്രങ്ങളാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ലൂസിഫറിലെയും ഉയരെ എന്ന ചിത്രത്തിലെയും ടോവിനോയുടെ കഥാപാത്രങ്ങൾക്ക്  വലിയ പ്രേക്ഷക പ്രശംസ ലഭിച്ചിരുന്നു, അഭിനയം കൊണ്ട് മറ്റൊരു ലോകം തന്നെ സൃഷ്ടിക്കുന്ന നടനാണ് ടൊവിനോ. സലീം അഹമ്മദും ടൊവിനോയും ഒന്നിക്കുമ്പോള്‍ മനോഹരമായ ഒരു സിനിമ തന്നെയായിരിക്കും പിറവിയെടുക്കുക.