അരിഞ്ഞു വീഴ്ത്തി സ്പിന്നർമാർ; ചെന്നൈക്ക് കൂറ്റൻ ജയം

May 1, 2019

ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് വമ്പൻ തോൽവി. ബാറ്റ്സ്മാന്മാർ കളി മറന്നപ്പോൾ 80 റൺസിനായിരുന്നു ഡൽഹിയുടെ പരാജയം. 16.2 ഓവറിൽ 99 റൺസിനാണ് ഡൽഹി ഓൾ ഔട്ടായത്. 8 വിക്കറ്റുകൾ പങ്കിട്ട സ്പിൻ ത്രയമാണ് ഡൽഹിയെ തകർത്തത്. 44 റൺസെടുത്ത ക്യാപ്റ്റൻ ശ്രേയാസ് അയ്യരാണ് ഡൽഹിയുടെ ടോപ്പ് സ്കോറർ. ജയത്തോടെ ചെന്നൈ സൂപ്പർ കിംഗ്സ് വീണ്ടും പോയിൻ്റ് ടേബിളിൽ ഒന്നാമതെത്തി.

ആദ്യ ഓവറിൽ തന്നെ പൃഥ്വി ഷായെ നഷ്ടമായെങ്കിലും മൂന്നാം നമ്പറിൽ ഇറങ്ങിയ ശ്രേയാസ് അയ്യരുമായി ചേർന്ന് ശിഖർ ധവാൻ ഡൽഹി ഇന്നിംഗ്സിനെ മുന്നോട്ടു നയിച്ചു. തകർത്തടിച്ച ഇരുവരും 48 റൺസിൻ്റെ കൂട്ടു കെട്ടുയർത്തിയാണ് പിരിഞ്ഞത്. 13 പന്തുകളിൽ 19 റൺസെടുത്ത ധവാൻ പുറത്തായപ്പോൾ 52 റൺസായിരുന്നു സ്കോർ ബോർഡിൽ ഉണ്ടായിരുന്നത്.

ആദ്യ പവർ പ്ലേയിൽ 59 റൺസ് ചേർത്ത് ഉജ്ജ്വലമായി തുടങ്ങിയ ഡൽഹിക്ക് ആറാം ഓവർ മുതൽ കാര്യങ്ങൾ കൈവിട്ട് പോകാൻ തുടങ്ങി. ഋഷഭ് പന്ത് (5), കോളിൻ ഇൻഗ്രം (1), അക്സർ പട്ടേൽ (9), ഷെർഫെയിൻ റൂതർഫോർഡ് (2), ക്രിസ് മോറിസ് (0) എന്നിവർ തുടർച്ചയായി കീഴടങ്ങി ഡൽഹിയെ വലിയ അപകടത്തിലേക്ക് തള്ളിയിട്ടു. 12ആം ഓവറിൽ ക്യാപ്റ്റൻ ശ്രേയാസ് അയ്യർ കൂടി പുറത്തായതോടെ ചെന്നൈ വിജയമുറപ്പിച്ചു. ധോണിയുടെ മിന്നൽ സ്റ്റമ്പിങ്ങ് ഒരിക്കൽ കൂടി വെളിവായ ആ ഓവറിൽ മോറിസിനെയും ശ്രേയാസിനെയുമാണ് ധോണി പുറത്താക്കിയത്. ജഡേജയായിരുന്നു ബൗളർ. 31 പന്തുകളിൽ 44 റൺസെടുത്ത് ശേഷമാണ് ശ്രേയാസ് അയ്യർ പുറത്തായത്.

4  വിക്കറ്റെടുത്ത ഇമ്രാൻ താഹിറും 3 വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയും ഒരു വിക്കറ്റ് വീഴ്ത്തിയ ഹർഭജൻ സിംഗും ചേർന്നാണ് ഡൽഹി മധ്യനിരയെ തകർത്തെറിഞ്ഞത്. പൃഥ്വി ഷായുടെ വിക്കറ്റെടുത്ത ദീപക് ചഹാറും വിക്കറ്റ് കോളത്തിൽ ഇടം പിടിച്ചു.

നേരത്തെ അർദ്ധസെഞ്ചുറി നേടിയ സുരേഷ് റെയ്നയുടെ ഇന്നിംഗ്സാണ് ചെന്നൈയെ മികച്ച സ്കോറിലെത്തിച്ചത്. അവസാന ഓവറുകളിൽ തകർപ്പൻ ബാറ്റിംഗ് പുറത്തെടുത്ത ജഡേജയും ധോണിയും ചെന്നൈ സ്കോറിൽ നിർണ്ണായക പങ്കു വഹിച്ചു.