മുടി മുറിച്ച് പല്ലില്‍ കമ്പിയിട്ടു, ‘കുമ്പളങ്ങി’യിലെ ബോബി ‘ഇഷ്‌കി’ലെ സച്ചിയായത് ഇങ്ങനെ: വീഡിയോ

May 6, 2019

അഭിനയമികവുകൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്തതകൊണ്ടും ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷകരുടെ പ്രീയനടനായി മാറിയതാണ് ഷെയ്ന്‍ നിഗം. ഷെയ്ന്‍ നിഗം നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘ഇഷ്‌ക്’. ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ് ചിത്രത്തിനു വേണ്ടിയുള്ള ഷെയ്ന്‍ നിഗത്തിന്റെ മെയ്ക്ക് ഓവര്‍ വീഡിയോ. തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ കമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിനു ശേഷം ഷെയ്ന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് ഇഷ്‌ക്. സച്ചി എന്നാണ് ചിത്രത്തില്‍ താരം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

നോട്ട് എ ലവ് സ്‌റ്റോറി എന്ന ടാഗ് ലൈനോടെയാണ് ഇഷ്‌ക് തീയറ്ററുകളിലേക്കെത്താന്‍ ഒരുങ്ങുന്നത്. നവഗാതനായ അനുരാജ് മനോഹര്‍ ആണ് ചിത്രത്തിന്റെ സംവിധാനം. മുകേഷ് ആര്‍ മേത്ത, എവി അനൂപ്, സിവി സാരതി എന്നിവര്‍ ചേര്‍ന്നാണ് ഇഷ്‌കിന്റെ നിര്‍മ്മാണം. ആന്‍ ശീതളാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. ഷൈന്‍ ടോം ചാക്കോ, ലിയോണ ലിഷോയ് എന്നിവരും ഇഷ്‌കില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. രതീഷ് രവിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Read more:വിത്യസ്ത ഭാവങ്ങളില്‍ പാട്ട്; ‘സിത്താര ഗായകരിലെ കുമ്പിടിയോ അന്യനോ’: പ്രശംസിച്ച് സോഷ്യല്‍ മീഡിയ

കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തില്‍ ബോബി എന്ന കഥാപാത്രത്തെയാണ് ഷെയ്ന്‍ നിഗം അവതരിപ്പിച്ചത്. മുടി ഒരല്പം നീട്ടി വളര്‍ത്തിയ ലുക്കായിരുന്നു ചിത്രത്തില്‍ താരത്തിന്റേത്. അതേസമയം ഇതില്‍ നിന്നും തികച്ചും വിത്യസ്തമായ ലുക്കാണ് ഇഷ്‌ക് എന്ന ചിത്രത്തിലേത്. ബോബിയില്‍ നിന്നും സച്ചിയിലേക്ക് എന്ന കുറിപ്പോടെയാണ് ചിത്രത്തിനു വേണ്ടിയുള്ള താരത്തിന്റെ മെയ്ക്ക് ഓവര്‍ വീഡിയോ ശ്രദ്ധേയമാകുന്നതും.  ഇഷ്ക് എന്ന സിനിമയ്ക്ക് വേണ്ടി മുടി മുറിച്ച്, പല്ലില്‍ കമ്പിയിടുന്ന ഷെയ്ന്‍റെ വീഡിയോയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിന്‍റെ ടീസര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു ചിത്രത്തിന്‍റെ ടീസര്‍.