ലോകകപ്പ്: ഇന്ത്യയുടെ രണ്ടാം സന്നാഹ മത്സരം ഇന്ന്

May 28, 2019

ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും. വൈകിട്ട് മൂന്ന് മണിക്ക് കാര്‍ഡിഫിലാണ് മത്സരം. അതേസമയം ന്യൂസ്ലന്‍ഡുമായി നടന്ന ആദ്യ സന്നാഹ മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു.

ആദ്യ സന്നാഹ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും വിജയ പ്രതീക്ഷയിലായിരിക്കും ഇന്ത്യന്‍ താരങ്ങള്‍ ഇന്ന് പോരാട്ടത്തിനിറങ്ങുക. അതേസമയം പരിക്ക് മൂലം കേദാര്‍ ജാദവ് ഈ മത്സരത്തിലും കളത്തിലിറങ്ങാനുള്ള സാധ്യത കുറവാണ്. ഇന്ത്യയ്ക്ക് ശക്തമായ എതിരാളികള്‍ തന്നെയാണ് ബംഗ്ലാദേശ്. ബംഗ്ലാദേശിന്റെ ആദ്യ സന്നാഹ മത്സരമാണിത്.

പരിക്കില്‍ നിന്നും മുക്തനായി കേദാര്‍ ജാദവ് തിരിച്ചുവന്നില്ലെങ്കില്‍ വിജയ് ശങ്കറിനെ നാലാം നമ്പറിലേക്ക് ഇന്ത്യ പരിഗണിക്കാനുള്ള സാധ്യതയുമുണ്ട്. ഈ മാസം 30 നാണ് ലോകകപ്പ് അരങ്ങുണരുക. ക്രിക്കറ്റ് പ്രേമികളെല്ലാംതന്നെ ലോകകപ്പ് ആവേശത്തിലാണ്.

ലോകകപ്പിന്റെ കഴിഞ്ഞ പതിപ്പില്‍ നിന്നും വ്യത്യസ്ഥമായി ഇത്തവണ പത്തു ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്. 2015 ല്‍ 14 ടീമുകളാണ് ലോകകപ്പ് നേടുവാന്‍ പരസ്പരം ഏറ്റുമുട്ടിയിരുന്നത്.

Read more:ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സഹ സംവിധായകയായി അനുപമ പരമേശ്വരന്‍

അതേസമയം ടൂര്‍ണമെന്റിനു ആതിഥ്യം വഹിക്കുന്ന ഇംഗ്ലണ്ടും, ഐ സി സി വേള്‍ഡ് റാങ്കിങ്ങില്‍ ആദ്യത്തെ ഏഴു സ്ഥാനക്കാരുമുള്‍പ്പെടെ എട്ട് ടീമുകള്‍ നേരിട്ട് യോഗ്യത നേടിയപ്പോള്‍ യോഗ്യത മത്സരങ്ങള്‍ കളിച്ചാണ് അഫ്ഗാനിസ്ഥാനും വെസ്റ്റ് ഇന്‍ഡീസും ഇംഗ്ലണ്ടിലേക്ക് വിമാനം കയറിയത്. ലോകകപ്പിന് യോഗ്യത നേടിയ ടീമുകള്‍: ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, അഫ്ഗാനിസ്ഥാന്‍, ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക