സന്ദീപിന് മൂന്നു വിക്കറ്റ്; സാം കറന് അർദ്ധസെഞ്ചുറി: പഞ്ചാബിന് കൂറ്റൻ സ്കോർ

May 3, 2019

കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് റൺസ് വിജയ ലക്ഷ്യം. 55 റൺസെടുത്ത സാം കറനാണ് പഞ്ചാബിൻ്റെ ടോപ്പ് സ്കോറർ. പഞ്ചാബിൻ്റെ അപകടകാരികളായ രണ്ട് ഓപ്പണർമാരെയും പുറത്താക്കിയ മലയാളി പേസർ സന്ദീപ് വാര്യറാണ് കൊൽക്കത്തയ്ക്കു വേണ്ടി തിളങ്ങിയത്.

കൊൽക്കത്തയ്ക്കു വേണ്ടി ബൗളിംഗ് ഓപ്പൺ ചെയ്ത സന്ദീപ് തൻ്റെ രണ്ടാം ഓവറിൽ തന്നെ രാഹുലിനെ പുറത്താക്കി ഐപിഎൽ കരിയറിലെ ആദ്യ വിക്കറ്റ് സ്വന്തമാക്കി. തൻ്റെ മൂന്നാം ഓവറിൽ ക്രിസ് ഗെയിലിനെയും മടക്കി അയച്ച സന്ദീപ് കൊൽക്കത്തയ്ക്ക് മികച്ച തുടക്കം നൽകി.

തുടർന്ന് ക്രീസിലെത്തിയ നിക്കോളാസ് പൂറൻ മായങ്ക് അഗർവാളുമായി ചേർന്ന് മൂന്നാം വിക്കറ്റിൽ 69 റൺസ് കൂട്ടിച്ചേർത്തു. 11ആം ഓവറിൽ നിതീഷ് റാണയ്ക്ക് വിക്കറ്റ് സമ്മാനിച്ച് നിക്കോളാസ് പൂറൻ മടങ്ങിയതോടെയാണ് ഈ കൂട്ടുകെട്ട് വേർപിരിഞ്ഞത്. 27 പന്തുകളിൽ 48 റൺസായിരുന്നു വെസ്റ്റ് ഇൻഡീസ് താരത്തിൻ്റെ സമ്പാദ്യം.

തുടർന്ന് ക്രീസിലെത്തിയ മൻദീപ് സിംഗും മികച്ച രീതിയിലാണ് തുടങ്ങിയത്. എന്നാൽ 14ആം ഓവറിൽ 26 പന്തുകളിൽ 36 റൺസെടുത്ത മായങ്ക് ദൗർഭാഗ്യകരമായി റണ്ണൗട്ടായതോടെ കൊൽക്കത്ത വീണ്ടും മത്സരത്തിലേക്ക് തിരികെ വന്നു. തുടർന്ന് സാം കറനുമായി 38 റൺസ് കൂട്ടിച്ചേർത്ത മൻദീപ് 17 പന്തുകളിൽ 25 റൺസെടുത്ത് പുറത്തായതോടെ കിംഗ്സ് ഇലവൻ അപകടം മണത്തു. എന്നാൽ അവസാന ഓവറുകളിൽ തകർപ്പൻ ബാറ്റിംഗ് പുറത്തെടുത്ത സാം കറൻ പഞ്ചാബിനെ കൂറ്റൻ സ്കോറിലെത്തിക്കുകയായിരുന്നു. 24 പന്തുകളിൽ ഏഴ് ബൗണ്ടറികളും രണ്ട് സിക്സറുകളും സഹിതം 55 റൺസെടുത്ത സാം കറൻ പുറത്താവാതെ നിന്നു.