‘മഴയെത്തും മുൻപേ’ എടുക്കാം ചില മുൻകരുതലുകൾ

May 29, 2019

കേരളത്തിന്റെ അവിടിവിടങ്ങളിലായി ചെറിയ തോതിൽ മഴ പെയ്തുതുടങ്ങി.. എന്നാൽ മഴക്കാലം എത്താൻ അധികം താമസമില്ല. ഇപ്പോഴത്തെ കനത്ത ചൂടിൽ നിന്നും ഇടയ്ക്കിടയ്ക്ക് പെയ്തിറങ്ങുന്ന മഴ ആശ്വാസം പകരുന്നുണ്ടെങ്കിലും ശക്തമായ മഴ എത്തുന്നതോടെ എടുക്കേണ്ട മുൻകരുതലുകൾ എന്തൊക്കെയാണെന്ന് നോക്കാം…

പകർച്ചവ്യാധികളിൽ നിന്നും രക്ഷനേടാൻ  

മഴക്കാലം എത്തുന്നതോടെ പകർച്ചവ്യാധികളും ഉണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ട്തന്നെ വീടും പരിസരവും ശുചിയായി സൂക്ഷിക്കുക എന്നതാണ് ഏറ്റവും അത്യാവശ്യം. കെട്ടികിടക്കുന്ന മലിനജലത്തിൽ നിന്നുമാണ് കൊതുകുകൾ പെറ്റുപെരുകുന്നത്. അതുകൊണ്ടുതന്നെ നമ്മുടെ വീട്ടിലും പരിസരത്തിലും കൊതുകിന് വളരാൻ സാഹചര്യം ഉണ്ടാക്കികൊടുക്കില്ലായെന്ന് ഉറപ്പുവരുത്തണം.

അപകടങ്ങളിൽ നിന്നും മുൻകരുതൽ 

പഴയ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുക, കേടായ മേൽക്കൂരകളുള്ള വീടുകളും കെട്ടിടങ്ങളും പുനർനിർമ്മിക്കുക. ആവശ്യമായ മിനുക്കു പണികൾ നടത്തി അവയുടെ സുരക്ഷ ഉറപ്പുവരുത്തുക. അതുപോലെ വൈദ്യുതി അപകടങ്ങൾ ഒഴിവാക്കുന്നതിനും ശ്രദ്ധിക്കണം. വൈദ്യുതി കമ്പികളിലേക്ക് വീണുകിടക്കുന്ന മരങ്ങളുടെ ശാഖകൾ വെട്ടിമാറ്റുന്നതിന് അധികൃതരുടെ ശ്രദ്ധയിൽപെടുത്തണം. മഴക്കാലങ്ങളിൽ വൈദ്യുതി മുടങ്ങാൻ സാധ്യതയുള്ളതിനാൽ എമർജൻസി ലൈറ്റ്, ടോർച്ച്, മെഴുകുതിരി തുടങ്ങിയവ കരുതിവയ്ക്കണം.

ഭക്ഷണക്രമം ശ്രദ്ധിക്കാം 

മഴക്കാലത്ത് ഏറ്റവുമധികം കരുതൽ വേണ്ടത് ഭക്ഷണത്തിന്റെ കാര്യത്തിലാണ്. ചൂടാക്കിയതും, മൂടി വച്ചതുമായ ഭക്ഷണം മാത്രം കഴിക്കാൻ ശ്രദ്ധിക്കണം. പഴക്കമുള്ള ഭക്ഷണങ്ങൾ കഴിക്കരുത്. തിളപ്പിച്ചാറ്റിയ വെള്ളം കുടിയ്ക്കാൻ ശ്രദ്ധിക്കണം. പുറത്തുനിന്നുള്ള ആഹാരം കഴിവതും ഒഴിവാക്കണം.

ഭക്ഷ്യ ധാന്യങ്ങൾ കരുതിവയ്ക്കുക. മഴ കനത്താൽ സാധനങ്ങൾ അവശ്യ സമയത്ത് ലഭിച്ചെന്നുവരില്ല. അതുകൊണ്ടുതന്നെ കുറച്ചധികം ഭക്ഷണ പദാർത്ഥങ്ങൾ വീടുകളിൽ കരുതിവയ്ക്കണം.

വസ്ത്രധാരണം കരുതലോടെ 

മഴക്കാലത്തെ മറ്റൊരു പ്രശ്നമാണ് വസ്ത്രങ്ങൾ അലക്കിയുണങ്ങുക എന്നത്. മഴ തോരാതെ വരുന്നതോടെ വസ്ത്രങ്ങൾ ഉണങ്ങിക്കിട്ടാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ പലരും ചെറിയ ഈർപ്പമുള്ള വസ്ത്രങ്ങൾ ധരിക്കാറുണ്ട്. എന്നാൽ നന്നായി ഉണങ്ങാത്ത വസ്ത്രങ്ങൾ ധരിക്കുന്നത് ചിലപ്പോൾ ആരോഗ്യത്തെ ദോഷമായി ബാധിക്കാറുണ്ട്. അതുകൊണ്ട് കഴിവതും കട്ടികുറഞ്ഞതും പോളിസ്റ്റർ കൂടിയതുമായ വസ്ത്രങ്ങൾ ഇടാൻ ശ്രദ്ധിക്കണം. ഇത്തരം വസ്ത്രങ്ങൾ എളുപ്പത്തിൽ ഉണങ്ങിക്കിട്ടും.

ഇഴജന്തുക്കളെ പേടിക്കാതിരിക്കാൻ..

മഴക്കാലങ്ങളിൽ ഏറ്റവും അപകടകരമായ ഒന്നാണ് ഇഴജന്തുക്കളുടെ ആക്രമണം. അഴിച്ചുവച്ചിരിക്കുന്ന ഷൂസ്, ചെരുപ്പ് തുടങ്ങി ചൂട് ലഭിക്കുന്ന ഇത്തരം സ്ഥലങ്ങളിൽ ഇഴജന്തുക്കൾ കയറിയിരിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ കുട്ടികളെ ഷൂസുകളും മറ്റും ധരിപ്പിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. വെളുത്തുള്ളി  വീടിന്റെ പരിസരപ്രദേശങ്ങളിൽ ചതച്ചിടുന്നത് ഇഴജന്തുക്കൾ വരാതിരിക്കാൻ സഹായിക്കും. ഇടയ്ക്കിടെ കുന്തിരിക്കം പോലുള്ളവ പുകയ്ക്കുന്നത് ചെറുപ്രാണികൾ വരാതിരിക്കാൻ സഹായിക്കും.