കേന്ദ്രകഥാപാത്രമായി ഗോകുലം ഗോപാലന്‍; ‘നേതാജി’യുടെ ടീസര്‍

May 22, 2019

ചലച്ചിത്ര നിര്‍മ്മാണ രംഗത്തും വിതരണരംഗത്തുമെല്ലാം ശ്രദ്ധേയനായ ഗോകുലം ഗോപാലന്‍ അഭിനയ രംഗത്തേയ്ക്കും ചുവടുവെയ്ക്കുന്നു. ‘നേതാജി’ എന്ന ചിത്രത്തിലാണ് ഗോകുലം ഗോപാലന്‍ വെള്ളിത്തിരയിലെത്തുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഒരു പ്രധാന നേതാവായിരുന്ന സുഭാഷ് ചന്ദ്രബോസിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ഇപ്പോഴിതാ ശ്രദ്ധേയമാവുകയാണ് ചിത്രത്തിന്റെ ടീസര്‍. മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസ് ആണ് നേതാജി എന്ന ചിത്രത്തിന്റെ ടീസര്‍ ആരാധകര്‍ക്കായി പങ്കുവെച്ചത്.

‘നേതാജി’ എന്ന ചിത്രത്തില്‍ സുഭാഷ് ചന്ദ്രബോസിന്റെ വേഷത്തിലാണ് ഗോകുലം ഗോപാലന്‍ എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്കും അണിയറ പ്രവര്‍ത്തകര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. സിനിമ അധികം വൈകാതെ തന്നെ തീയറ്ററുകളിലെത്തും എന്നാണ് സൂചന. അതേസമയം ചിത്രത്തിനു വേണ്ടിയുള്ള ഗോകുലം ഗോപാലന്റെ മെയ്ക്ക്ഓവറും ചലച്ചിത്ര ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Read more:പാര്‍വതി ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയായത് ഇങ്ങനെ; ശ്രദ്ധേയമായി ‘ഉയരെ’ മെയ്ക്ക്ഓവര്‍ വീഡിയോ

വിജീഷ് മണിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നതും വിജീഷ് മണി തന്നെയാണ്. ‘വിശ്വഗുരു’ എന്ന ചിത്രത്തിലൂടെ ഏറ്റവും വേഗത്തില്‍ സിനിമ പൂര്‍ത്തീകരിച്ച് റിലീസ് ചെയ്ത് ഗിന്നസ് റെക്കോര്‍ഡ് നേടിയിട്ടുള്ള സംവിധായകനാണ് വിജീഷ് മണി. അതുകൊണ്ടുതന്നെ ‘നേതാജി’ എന്ന ചിത്രത്തിലും ആരാധകര്‍ ഏറെ പ്രതീക്ഷ അര്‍പ്പിക്കുന്നുണ്ട്. മികച്ച ടെക്‌നീഷ്യന്‍മാരും ചിത്രത്തിനായി അണിനിരക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.