സൂര്യ-സായി കൂട്ടുകെട്ട്; എൻ ജി കെ തിയേറ്ററുകളിലേക്ക്

May 27, 2019

തമിഴിലും മലയാളത്തിലുമായി നിരവധി ആരാധകരുള്ള താരങ്ങളാണ് സൂര്യയും സായി പല്ലവിയും. ഇരുവരും ഒന്നിച്ചെത്തുന്ന ചത്രത്തിനായ് അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഇരുവരും ഒന്നിക്കുന്ന ചിത്രം എൻ ജി കെ തിയേറ്ററുകളിലേക്കെത്തുകയാണ്. ഈ മാസം 31 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

ചിത്രത്തിൽ നന്ദ ഗോപാൽ കുമരൻ അഥവാ എൻ ജി കെ എന്ന രാഷ്ട്രീയപ്രവർത്തകനായാണ് സൂര്യ എത്തുന്നത്. സൂര്യ ആരാധകര്‍ വളരെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് എൻജികെ. ശെല്‍വരാഘവൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററിനും ടീസറിനുമൊക്കെ മികച്ച പ്രതികരണമാണ് ലഭിച്ചത്. നേരത്തെ സൂര്യ ചെഗുവേര സ്റ്റൈല്‍ തൊപ്പി വച്ചിട്ടുള്ള പോസ്റ്റര്‍ ചിത്രത്തിന്റേതായി പുറത്തുവിട്ടിരുന്നു. ചിത്രത്തിൽ ദേശീയ സുരക്ഷ ഉദ്യോഗസ്ഥനായിട്ടാണ് സൂര്യ വേഷമിടുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ട്.

Read also: മറവി രോഗമുണ്ടോ..? തിരിച്ചറിയാം പരിഹരിക്കാം…

ഒരു പൊളിറ്റിക്കല്‍ ഡ്രാമയായിരിക്കും ചിത്രമെന്നാണ് സൂചന. പല്ലവിക്ക് പുറമെ  രാകുല്‍ പ്രീതും ചിത്രത്തിൽ നായികമാരായി എത്തുന്നുണ്ട്. പൊന്‍വണ്ണന്‍, ഇളവരസ് , വേലാ രാമമൂര്‍ത്തി തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിൽ വേഷമിടുന്നുണ്ട്.

അതേസമയം സൂര്യ- സായി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ആദ്യ ചിത്രമാണ് എൻ ജി കെ. ചിത്രത്തിനായി കാത്തിരിക്കുകാണ് ആരാധകർ. ഡ്രീം വാരിയേഴ്‌സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ എസ് ആര്‍ പ്രകാശ് ബാബുവും എസ് ആര്‍ പ്രഭുവുമാണ് ‘എന്‍ ജി കെ’ നിര്‍മ്മിച്ചിരിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം. ശിവകുമാര്‍ വിജയന്‍ ഛായാഗ്രഹണവും അനല്‍ അരസു സംഘട്ടന രംഗങ്ങളും ഒരുക്കിയിരിക്കുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ ഒരു കോടിയോളം പേരാണ് കണ്ടത്.