സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി മുടിയന്റെ ‘ബോധം പോയി’; വീഡിയോ കാണാം..

കുട്ടികൾക്കും കുടുംബ പ്രേക്ഷകർക്കും ഒരുപോലെ പ്രിയപ്പെട്ട സീരിയലാണ് ഫ്ലവേഴ്സ് ചാനലിലെ ഉപ്പും മുളകും. ഒരു ശരാശരി മലയാളിയുടെ നിത്യ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളെ നർമത്തിൽ ചാലിച്ചവതരിപ്പിക്കുന്ന ഉപ്പും മുളകിനും പ്രേക്ഷകർ ഏറെയാണ്. സീരിയലിലെ ഓരോ കഥാപാത്രങ്ങൾക്കും ആരാധകർ ഏറെയാണ്. ഉപ്പും മുളകിലൂടെ ഏറെ ശ്രദ്ധേയനായ താരമാണ് മുടിയൻ (വിഷ്ണു) എന്ന ഋഷി എസ് കുമാർ. ഋഷിയുടെതായി പുറത്തിറങ്ങിയ സംഗീത ആല്‍ബം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായി മാറിയിരിക്കുകയാണ്. ബോധം പോയി എന്ന പേരില്‍ പുറത്തിറങ്ങിയ വീഡിയോ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്.
നടൻ ടോവിനോ തോമസ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ പങ്കുവെച്ചത്. മുടിയനൊപ്പം ഐശ്വര്യ ഉണ്ണിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ആൽബത്തിന്റെ വരികൾ തയാറാക്കിയിരിക്കുന്നതും ഗാനം ആലപിച്ചിരിക്കുന്നതും ഋഷി തന്നെയാണ്. അർജുൻ ഉണ്ണികൃഷ്ണനാണ് ആൽബം സംവിധാനം ചെയ്തിരിക്കുന്നത്. സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് രഞ്ജിത്ത് മേലേപ്പാട്ടാണ്.
സമൂഹ മാധ്യമങ്ങളിൽ തരംഗമായ ആൽബം കാണാം..
ഉപ്പും മുളകും എന്ന പരമ്പരയിൽ ബിജു സോപാനം, നിഷാ സാരംഗ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മെക്കാനിക്കായ ബാലചന്ദ്രന്റെ (ബാലു ) വേഷമാണ് ബിജു സോപാനം അവതരിപ്പിക്കുന്നത്. ബാലുവിന്റെ ഭാര്യയായ നീലിമയായി നിഷാ സാരംഗും സ്‌ക്രീനിലെത്തുന്നു. ഇവരുടെ മക്കളായി അഭിനയിക്കുന്ന മുടിയൻ ,ലെച്ചു, കേശു, ശിവ , പാറുക്കുട്ടി തുടങ്ങിയ എല്ലാ കഥാപാത്രങ്ങൾക്കും കുട്ടികൾക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
പതിവ് കണ്ണീർ പരമ്പരകളിൽ നിന്നും വ്യത്യസ്തമായി സാധാരണക്കാരന്റെ ഭാഷയിൽ അവരുടെ തന്നെ കഥപറയുന്നുവെന്നതാണ് ഉപ്പും മുളകുമെന്ന സീരിയലിനെ ഇത്രമേൽ ജനപ്രിയമാക്കിയത്.