ബിനീഷ് ദാമോദരന്‍ ഇനി മുതല്‍ തെലുങ്ക് സംസാരിക്കും; ‘പൊഗവണ്ടി’ വരുന്നു

May 7, 2019

തീയറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായെത്തുന്ന ‘തീവണ്ടി’. തെലുങ്ക് റീമേക്കിനൊരുങ്ങുകയാണ് ചിത്രം ഇപ്പോള്‍. ‘പൊഗവണ്ടി’ എന്നാണ് ചിത്രത്തിന്റെ തെലുങ്ക് ടൈറ്റില്‍. ‘തീവണ്ടി’ക്ക് വേണ്ടി തിരക്കഥ ഒരുക്കിയ വിനി വിശ്വലാല്‍ ആണ് ചിത്രത്തിന് തെലുങ്ക് റീമേക്ക് ഒരുങ്ങുന്ന വിവരം പ്രേക്ഷകരുമായി പങ്കുവെച്ചത്. നവാഗതനായ ഫെല്ലിനിയാണ് ‘തീവണ്ടി’ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചത്. സെക്കന്‍ഡ് ഷോ’ എന്ന ദുല്‍ഖര്‍ സല്‍മാന്റെ അരങ്ങേറ്റ ചിത്രത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ച ഫെല്ലിനിയുടെ ആദ്യ സംവിധാന സംരംഭമാണ് ‘തീവണ്ടി’.

തൊഴില്‍ രഹിതനായ ബിനീഷ് എന്ന ചെറുപ്പക്കാരന്റെ ജീവിതം ആക്ഷേപ ഹാസ്യ രൂപേണ അവതരിപ്പിക്കുന്ന ചിത്രമാണ് ‘തീവണ്ടി’. ചിത്രത്തിനു വേണ്ടി തിരക്കഥയൊരുക്കിയിരിക്കുന്നത് വിനി വിശ്വലാലാണ്. ടോവിനോ തോമസാണ് ബിനീഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് സിനിമാസ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ സംയുക്ത മേനോനാണ് ടോവിനോയുടെ നായികയായി വേഷമിടുന്നത്. സുരാജ് വെഞ്ഞാറമ്മൂട്, സൈജു കുറുപ്പ്,  എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചെയിന്‍ സ്‌മോക്കറായ ടോവിനോ കഥാപാത്രത്തിന്റെ ഇരട്ടപ്പേരാണ് ‘തീവണ്ടി’ എന്നത്.

Read more:അമ്മയുടെ തോളില്‍ ചാഞ്ഞ് കുഞ്ഞുപാപ്പുവിന്‍റെ പാട്ട്; കൈയടി നേടി ഗായിക അമൃത സുരേഷിന്‍റെ മകള്‍

തീവണ്ടി എന്ന ചിത്രത്തിലെ ഗാനങ്ങളും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. കെ എസ് ഹരിശങ്കര്‍ ആലപിച്ച ‘ജീവാംശമായി…’ എന്നു തുടങ്ങുന്ന ഗാനമാണ് ഇതില്‍ എടുത്തു പറയേണ്ടത്. തീയറ്ററുകളിലെത്തി മാസങ്ങള്‍ പിന്നിട്ടിട്ടും ഇന്നും ഈ ഗാനം മലയാളികള്‍ ഏറ്റു പാടുന്നുണ്ട്. തീവണ്ടിക്ക് തെലുങ്ക് പതിപ്പ് ഒരുങ്ങുന്നു എന്ന വാര്‍ത്തയും പ്രതീക്ഷയോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.