നിശബ്ദതയിലും വാചാലമാകുന്ന കൊച്ചിയിലെ ചില രാത്രി യാത്രകൾ

രാത്രികൾക്ക് ഒരു പ്രത്യേക ഭംഗിയാണ്. നിലാവിന്റെ ചെറുവെളിച്ചത്തിൽ ആകാശത്തെ നക്ഷത്രങ്ങളെപോലെ അങ്ങിങ്ങായി ഉയർന്നുനിൽക്കുന്ന കെട്ടിടസമുച്ചയങ്ങളും, രാത്രിയുടെ നിശബ്ദതയിലും വാചാലനാകുന്ന റോഡുകളും, കൊച്ചിയുടെ സൗന്ദര്യം വിളിച്ചോതുന്ന കായലുകളും മാളുകളും കെട്ടിടങ്ങളുമെല്ലാം ഇവിടെത്തുന്ന ഓരോ യാത്രക്കാരോടും കൊച്ചിയുടെ പഴമയും പാരമ്പര്യവും വളർച്ചയുമെല്ലാം പറയാതെ പറയുന്നുണ്ട്. കൊച്ചിയുടെ ഭംഗി തൊട്ടറിയണമെങ്കിൽ രാത്രി യാത്രകൾ തന്നെ വേണം. കൊച്ചിയുടെ ഭംഗിയും രൂപവും ഭാവവുമെല്ലാം അടുത്തറിയാനും രാത്രിയേക്കാൾ മികച്ചൊരു സമയമില്ല. പകലിന്റെ തിരക്കും വേനലിന്റെ ചൂടുമെല്ലാം കെട്ടടങ്ങുന്ന രാത്രിയിൽ ഒരു പ്രത്യേക രൂപവും ഭാവവുമൊക്കെയാണ് ഈ സിറ്റിയ്ക്ക്.
കാവ്യാത്മകമായി പറഞ്ഞാൽ കണ്ണുകളിൽ പ്രണയവും ചുണ്ടുകളിൽ സ്നേഹവുമായി നിൽക്കുന്ന ഒരു സുന്ദരിയെപോലെ…കൊച്ചിയിൽ വന്നിറങ്ങുന്ന ഓരോ അതിഥികളും കൊച്ചിക്കാർക്ക് പ്രിയപ്പെട്ടവരാണ്. ഇവിടെ കാലുകുത്തുന്ന ഒരു സഞ്ചാരിയ്ക്ക് മുന്നിലും ഇനി എവിടെ പോകും എന്ന് സംശയം വരാറില്ല.. പകരം ആദ്യം എവിടേക്ക് എന്നതു മാത്രമായിരിക്കും ചിന്ത. അത്രമാത്രം മനോഹര സ്ഥലങ്ങളുണ്ട് ഈ കൊച്ചു നഗരത്തിൽ. മറൈൻ ഡ്രൈവ്, ഫോർട്ട് കൊച്ചി, സുബാഷ് പാർക്ക്, ബോട്ട് ജെട്ടി, മംഗള വനം അങ്ങനെ കൊച്ചിയുടെ ഹൃദയ ഭാഗത്തോട് ചേർന്ന് നില്ക്കുന്ന ഒരുപാട് സ്ഥലങ്ങൾക്കൊപ്പം കൊച്ചിയുടെ ഉൾഭാഗങ്ങളിലും പ്രകൃതി സുന്ദരിയായും ഒപ്പം ഗ്ലാമറസായുമൊക്കെ നിൽക്കുന്ന നിരവധി സ്ഥലങ്ങളുണ്ട്.
Read also: രുചികൊണ്ട് മാന്ത്രികം സൃഷ്ടിക്കുന്ന കൊച്ചിയിലെ ചില ഭക്ഷണശാലകൾ
കൊച്ചിയിലെ സുന്ദര രാത്രികൾക്കിടയിൽ ചിലപ്പോഴൊക്കെ സൗഹൃദങ്ങളുടെ ഇടയിലേക്കും പ്രണയിനികളുടെ ഇടയിലേക്കും വിളിക്കാതെ വരുന്ന വിരുന്നു കാരികളാണ് കൊതുകുകൾ. കൊതുകിന്റെ ഈ ആക്രമണമൊഴിച്ചാൽ കൊച്ചിയിലെ രാത്രികൾ സുന്ദരമാണ്. ചിലപ്പോഴൊക്കെ പ്രണയിനിയെപോലെയും, ചിലപ്പോഴൊക്കെ പ്രിയ സുഹൃത്തിനെപോലെയും കൊച്ചിയുടെ സൗന്ദര്യം മനസ്സിൽ നിറഞ്ഞു നിൽക്കും. ഈ നഗരത്തിന്റെ ഓരോ കഥകളുംഇവിടങ്ങളിലെ വഴിവിളക്കുകളിൽ പോലും പ്രതിധ്വനിച്ച് നിൽക്കാറുണ്ട്. കൊച്ചിയിലെ ഓരോ യാത്രകളും ഓരോ അനുഭവങ്ങളാണ്…