സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടി ‘കക്ഷി അമ്മിണിപിള്ള’യിലെ ‘കാന്തി’യുടെ മെയ്ക്ക് ഓവര്‍

June 20, 2019

ചില സ്വപ്‌നങ്ങള്‍ക്കു വേണ്ടി അക്ഷീണം പ്രയ്തിനിക്കാന്‍ പലരും തയാറാകാറുണ്ട്. സിനിമ എന്ന സ്വപ്‌നത്തിനു വേണ്ടിയുള്ള ഫറ ഷിബ്‌ലയുടെ പ്രയത്‌നമാണ് ഇപ്പോള്‍ ചലച്ചിത്ര രംഗത്ത് ശ്രദ്ധ നേടുന്നത്. ആസിഫ് അലി പ്രധാന കഥാപാത്രമായെത്തുന്ന കക്ഷി അമ്മിണിപിള്ള എന്ന ചിത്രത്തിലെ പ്ലസ് സൈസ് നായികാ കഥാപാത്രമാണ് ഷിബ്‌ല. ചിത്രത്തില്‍ കാന്തി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ചിത്രത്തിനു വേണ്ടിയുള്ള താരത്തിന്റെ മെയ്ക്ക് ഓവര്‍ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ചിത്രത്തിന്റെ ഓഡീഷനു വന്നപ്പോള്‍ 68 കിലോയായിരുന്നു ഷിബ്‌ലയുടെ ഭാരം. സിനിമയിലെ കാന്തി എന്ന കഥാപാത്രത്തിനു വേണ്ടി 68 ല്‍ നിന്നും 85 കിലോയിലേക്കെത്തി. ചിത്രീകരണം കഴിഞ്ഞപ്പോള്‍ വീണ്ടും 63 കിലോയിലേക്കും. താരത്തിന്റെ ഈ മേയ്ക്ക്ഓവര്‍ വീഡിയോ നിരവധിപേരാണ് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത്. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കു വേണ്ടിയുള്ള ഷിബ്‌ലയുടെ പരിശ്രമം ഇതിനോടകംതന്നെ സാമൂഹ്യമാധ്യമങ്ങളില്‍ കൈയടി നേടിക്കഴിഞ്ഞു.

കക്ഷി അമ്മിണിപിള്ള എന്ന ചിത്രത്തില്‍ ഒരു വക്കീല്‍ വേഷത്തിലാണ് ആസിഫ് അലി എത്തുന്നത്. താരത്തിന്റെ ആദ്യ വക്കീല്‍ കഥാപാത്രമാണ് ചിത്രത്തിലേത്. ദിന്‍ജിത്ത് അയ്യത്താനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. സനിലേഷ് ശിവനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സാറാ ഫിലിംസിന്റെ ബാനറില്‍ റിജു രാജനാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തിന്റെ റിലീസ് തീയതിയും പ്രഖ്യാപിച്ചു. ഈ മാസം 28 ന് കക്ഷി അമ്മിണിപിള്ള തീയറ്ററുകളിലെത്തും.

Read more:ആലാപനത്തില്‍ അതിശയിപ്പിച്ച് ശ്രേയ ഘോഷാല്‍; ശ്രദ്ധേയമായി ഈ പാട്ട്

‘സ്വാതന്ത്യം അര്‍ദ്ധരാത്രിയില്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അശ്വതി മനോഹരനാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. അടുത്തിടെ ചിത്രത്തിലെ ഗാനങ്ങളും പുറത്തെത്തിയിരുന്നു. ഈ ഗാനങ്ങള്‍ക്കും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ചിത്രത്തിനുവേണ്ടിയുള്ള ആസിഫ് അലിയുടെ കട്ടി മീശ ലുക്കും ആരാധകര്‍ക്കിടയില്‍ നേരത്തെ മുതല്‍ക്കെ ശ്രദ്ധ നേടിയരുന്നു.