മമ്മൂട്ടി- അജയ് വാസുദേവ് ചിത്രം ഉടൻ; പ്രതീക്ഷയോടെ ആരാധകർ

June 25, 2019

മമ്മൂട്ടി എന്ന നടൻ സൂപ്പർ ഹിറ്റുകൾക്ക് ജന്മം നൽകിയ വർഷമായിരുന്നു 2019… ഇപ്പോഴിതാ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളുമായി എത്തുകയാണ് താരം. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് താരം നായകനായി എത്തുന്നത്. അജയ് വാസുദേവും മമ്മൂട്ടിയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഒരുങ്ങുന്നത്. അതേസമയം ചിത്രത്തിന്റെ പൂജ അടുത്തമാസം 15 ന് എറണാകുളത്ത് വച്ച് നടക്കും.

അതേസമയം പുത്തൻ ലുക്കിൽ മമ്മൂക്ക എത്തുന്ന ചിത്രവും അജയ് വാസുദേവ് നേരത്തെ പങ്കുവെച്ചിരുന്നു. മമ്മൂക്കയെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും അജയ് വാസുദേവ് അറിയിച്ചിരുന്നു.

ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം ഒരു തമിഴ് താരവും എത്തുമെന്നാണ് സൂചന. അബ്രഹാമിന്റ സന്തതികൾക്ക് ശേഷം ഗുഡ് വിൽ എൻറർറ്റെയ്ൻമെന്റ് ബാനറിൽ ജോബി ജോർജ് നിർമ്മിക്കുന്ന ഈ ചിത്രത്തിന് രചന നിർവഹിക്കുന്നത് നവാഗതനായ അനീഷ് ഹമീദും ബിബിൻ മോഹനും ചേർന്നാണ്‌.ഗോപീ സുന്ദറാണ് സംഗീതമൊരുക്കുന്നത്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. ചിത്രത്തെക്കുറിച്ച് നിർമ്മാതാവ് ജോബി ജോർജും നേരത്തെ വെളിപ്പെടുത്തിയിരുന്നു.

മമ്മൂക്കയെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും അജയ് വാസുദേവ് അറിയിച്ചു. അതേസമയം ‘രാജാധിരാജ’, ‘മാസ്റ്റർപീസ്’ തുടങ്ങിയ രണ്ട് ചിത്രങ്ങൾ മമ്മൂക്കയെ നായകനാക്കി അജയ് നേരത്തെ ഒരുക്കിയിട്ടുണ്ട്. അജയ് മമ്മൂട്ടി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ.

Read also: ‘ഞാൻ കണ്ടതിൽവച്ച് ഏറ്റവും നിഷ്കളങ്കനായ ഒരു മനുഷ്യൻ’; ഇന്ദ്രൻസിനെക്കുറിച്ച് ശ്രദ്ധേയമായി നവസംവിധായകന്റെ കുറിപ്പ്

അതേസമയം ‘മാമാങ്ക’മാണ് മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന ചിത്രം. വടക്കൻ വീരഗാഥയിലെ ചന്തുവിനേയും പഴശ്ശിരാജയെയും അനശ്വരമാക്കിയ മമ്മൂട്ടി മറ്റൊരു ചരിത്ര പുരുഷനായി സ്‌ക്രീനിലെത്തുമ്പോൾ മലയാള സിനിമാ ലോകവും പ്രേക്ഷകരും ഒരുപോലെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ‘മാമാങ്ക’ത്തിന് ശേഷം രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ‘ഗാനഗന്ധര്‍വ്വനാണ് അടുത്ത മമ്മൂട്ടി ചിത്രം. ഗാനമേളകളില്‍ പാടുന്ന കലാസദന്‍ ഉല്ലാസ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്. ചിത്രം ഹാസ്യത്തിന് ഏറെ പ്രാധാന്യം നൽകുന്ന കുടുംബ ചിത്രമാണ് പതിനെട്ടാം പടിയാണ് അദ്ദേഹത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രം.