പതിനെട്ടാം പടിയിൽ മമ്മൂട്ടിക്കൊപ്പം ഇവരും; ശ്രദ്ധേയമായി ചിത്രങ്ങൾ

June 27, 2019

പതിനെട്ടാം പടി കയറാൻ മമ്മൂട്ടിക്കൊപ്പം പൃഥ്വിരാജും ഉണ്ണി മുകുന്ദനും ആര്യയും എത്തുന്നു.. ജൂലൈ അഞ്ചിന് തീയറ്ററുകളിലെത്തുന്ന ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ.. കുറച്ച് ദിവസങ്ങളായി മലയാളികളുടെ പ്രിയപ്പെട്ട താരം മമ്മൂട്ടി കിടിലൻ ലുക്കിലെത്തുന്ന ഏറ്റവും  പുതിയ ചിത്രം ‘പതിനെട്ടാം പടി’യുടെ വിശേഷങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്.

ചിത്രത്തിന് വേണ്ടിയുള്ള താരത്തിന്റെ പുതിയ മേക്ക് ഓവർ കണ്ട് സിനിമാലോകം പോലും ഞെട്ടിയിരുന്നു. ചിത്രത്തിൽ അതിഥി വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത് എന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചത്. എന്നാൽ മമ്മൂട്ടി മാത്രമല്ല മലയാളത്തിലെ നടനും സംവിധായകനുമായ പൃഥ്വിയും മലയാള സിനിമയുടെ മസിൽ മാൻ ഉണ്ണിമികുന്ദനും കൂടി എത്തുന്നുവെന്ന വാർത്ത ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചിരിക്കുന്നത്.

ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി ജോണ്‍ എബ്രഹാം പാലയ്ക്കല്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. സ്റ്റൈലിഷ് ലുക്കിലാണ് മമ്മൂട്ടിയെ അവതരിപ്പിച്ചിരിക്കുന്നത്. മലയാളത്തിൽ മികച്ച വിജയം നേടി മുന്നേറിയ ‘ഉറുമി’ക്ക് ശേഷം വീണ്ടും ഓഗസ്റ്റ് സിനിമാസും ശങ്കര്‍ രാമകൃഷ്ണനും ഒന്നിക്കുന്ന ചിത്രമാണ് പതിനെട്ടാം പടി.

ഒരു കൂട്ടം യുവാക്കളുടെ ജീവിത യാത്രയാണ് പതിനെട്ടാം പടിയുടെ പ്രമേയം. ഇവരുടെ പഠനകാലത്ത് നിര്‍ണായകമായ സ്വാധീനം ചെലുത്തുന്ന കഥാപത്രമായാണ് മമ്മൂട്ടി എത്തുക. പ്രിയാ മണി, അഹാന കൃഷ്ണകുമാര്‍, ലാലു അലക്‌സ്, സുരാജ് വെഞ്ഞാറന്മൂട്, മനോജ് കെ ജയന്‍, മണിയന്‍ പിള്ള രാജു എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Read also: ജൂനിയർ ആർട്ടിസ്റ്റിൽ നിന്നും നായകനിലേക്ക്, സംവിധാന സഹായിയിൽ നിന്നും സംവിധായകനിലേക്ക്; സൗബിൻ നടന്നുകയറിയത് പ്രേക്ഷക ഹൃദയങ്ങളിലേക്ക്

ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. ആദ്യം സംവിധാനം ചെയ്ത ചിത്രം ‘കേരള കഫെ’ ആയിരുന്നു. അദ്ദേഹം തിരക്കഥ നിര്‍വഹിക്കുന്ന നാലാമത്തെ ചിത്രമാണ് പതിനെട്ടാം പടി. ഉറുമി, നത്തോലിഒരു ചെറിയ മീനല്ല, മൈ സ്റ്റോറി തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷമാണ് പതിനെട്ടാം പടി ഒരുക്കുന്നത്.