വീണ്ടും അതിശയിപ്പിച്ച് വിജയ് സേതുപതി; മനോഹരം ഈ ഗാനം

June 11, 2019

തമിഴകത്ത് മാത്രമല്ല മലയാളക്കരയിലും ഏറെ ആരാധകരുള്ള താരമാണ് വിജയ് സേതുപതി. താരം മലയാളത്തിലേക്കും അരങ്ങേറ്റം കുറിക്കുന്നു എന്ന വാര്‍ത്തയും ഏറെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. അഭിനയമികവുകൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്തത കൊണ്ടും തൊട്ടതെല്ലാം പൊന്നാക്കുന്ന നടനാണ് വിജയ് സേതുപതി. മക്കള്‍ സെല്‍വന്‍ എന്നാണ് ആരാധകര്‍ അദ്ദേഹത്തെ സ്‌നേഹപൂര്‍വ്വം വിളിക്കുന്നതുപോലും.

ഇപ്പോഴിതാ ആരാധകര്‍ക്കിടയില്‍ ശ്രദ്ധേയമാവുകയാണ് വിജയ് സേതുപതി കേന്ദ്ര കഥാപാത്രമായെത്തുന്ന ‘സിന്ധുബാദ്ധി’ലെ പുതിയ ഗാനം. ചിത്രത്തിലെ ‘നെഞ്ച ഉനക്കാകെ…’ എന്നു തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. വിജയ് സേതുപതിയുടെ മകന്‍ സൂര്യ സേതുപതിയും എത്തുന്നു എന്നതാണ് ഗാനത്തിന്റെ മറ്റൊരു ആകര്‍ഷണം. മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നതും. യുട്യൂബില്‍ റിലീസ് ചെയ്ത ഗാനം ഇതിനോടകംതന്നെ ഒമ്പത് ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു.

യുവാന്‍ശങ്കര്‍ രാജയുടെ സംഗീതമാണ് ഈ മനോഹര ഗാനത്തിന്റെ മറ്റൊരു ആകര്‍ഷണം. വിവേകിന്റേതാണ് ഗാനത്തിലെ വരികള്‍. ഹരിചരന്റെ ആലാപനവും ഗാനത്തെ മികച്ചതാക്കുന്നു. വിജയ് സേതുപതിക്കൊപ്പം മകന്റെ അഭിനയത്തെയും പുകഴ്ത്തുന്നുണ്ട് പലരും. എസ് യു അരുണ്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് സിന്ധുബാദ്ധ്. അഞ്ജലിയാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. ഒരു ആക്ഷന്‍ ത്രല്ലര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ് ഈ ചിത്രം. ജൂണ്‍ 21ന് ചിത്രം തീയറ്ററുകളിലെത്തും.

അതേസമയം മലയാള സിനിമയിലേക്കും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് വിജയ് സേതുപതി. പരസ്യചിത്രങ്ങളുടെ സംവിധാനത്തിലൂടെ ശ്രദ്ധേയനായ സനില്‍ കളത്തില്‍ കഥയെഴുതി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘മാര്‍ക്കോണി മത്തായി’. സത്യം സിനിമാസിന്റെ ബാനറില്‍ എ ജി പ്രേമചന്ദ്രനാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ആത്മിയ ചിത്രത്തില്‍ നായിക കഥാപാത്രമായെത്തുന്നു. അജു വര്‍ഗീസ്, ഹരീഷ് കണാരന്‍, സിദ്ധാര്‍ത്ഥ് ശിവ, സുധീര്‍ കരമന, കലാഭവന്‍ പ്രജോദ് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചിത്രത്തില്‍ മത്തായി എന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിക്കുന്നത്.