‘ആദ്യമായാണ് കോട്ടു ധരിക്കുന്നത് അതും വീട്ടില്‍ തയ്ക്കുകയായിരുന്നു’; ഇന്ദ്രന്‍സിന്റെ കോട്ടിനുമുണ്ട് ചില വിശേഷങ്ങള്‍

June 29, 2019

ഷാങ്ഹായ് ചലച്ചിത്രമേളയില്‍ വെയില്‍ മരങ്ങള്‍ എന്ന മലയാള സിനിമയുടെ പേര് തങ്കലിപികളാല്‍ കുറിക്കപ്പെട്ടപ്പോള്‍ ഇന്ദ്രന്‍സ് എന്ന മഹാനടനെ ഓര്‍ത്ത് കേരളം കൈയടിച്ചു. ആര്‍പ്പുവിളികളോടെ വരവേറ്റു. 1981- ല്‍ മലയാള സിനിമയില്‍ തുടക്കംകുറിച്ച താരം ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് പ്രേക്ഷകര്‍ക്ക് സുപരിചിതനായതെങ്കിലും ഇന്ദ്രന്‍സ് എന്ന കലാകാരന്‍ വെള്ളിത്തിരയില്‍ എക്കാലവും ഒരുക്കുന്നത് അവിസ്മരണീയ കഥാപാത്രങ്ങളെ തന്നെയാണ്. ഡോക്ടര്‍ ബിജു സംവിധാനം നിര്‍വ്വഹിച്ച ‘വെയില്‍ മരങ്ങള്‍’ എന്ന സിനിമ ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്ര മേളയില്‍ ‘ഔട്ട് സ്റ്റാന്‍ഡിങ് ആര്‍ട്ടിസ്റ്റിക് അച്ചീവിമെന്റ്’ പുരസ്‌കാരം നേടിയപ്പോള്‍ ഹൃദയത്തില്‍ ഇന്ദ്രന്‍സ് എന്ന നടന് ആര്‍പ്പുവിളിക്കാത്ത മലയാളികളുണ്ടാവില്ല.

വെള്ളിത്തിരയ്ക്ക് പുറത്ത് പൊതുവേദികളിലും സദസിലുമെല്ലാം വളരെ സൗമന്യായ ഒരു സാധാരണക്കാരനായാണ് ഇന്ദ്രന്‍സ് പ്രത്യക്ഷപ്പെടാറ്. ഈ സൗമ്യത തന്നെയാണ് പ്രേക്ഷകരുടെ ഹൃദയത്തില്‍ ഒരു പ്രത്യേക ഇടം താരത്തിന് നേടിക്കൊടുത്തതും. ഷാങ്ഹായ് ചലച്ചിത്രമേളയില്‍ റെഡ്കാര്‍പ്പറ്റിലൂടെ അഭിമാനപൂര്‍വ്വം നടന്നുനീങ്ങിയപ്പോള്‍ ഇന്ദ്രന്‍സില്‍ ശ്രദ്ധിക്കപ്പെട്ട മറ്റൊന്നു കൂടിയുണ്ട്. ചാര്‍ക്കോള്‍ ഗ്രേ നിറത്തിലുള്ള അദ്ദേഹത്തിന്റെ ഫോര്‍മ്മല്‍ സ്യൂട്ട്. ആദ്യമായാണ് ഇന്ദ്രന്‍സിനെ ഇത്തരം ഒരു ഫോര്‍മല്‍ സ്യൂട്ടില്‍ കാണുന്നതു തന്നെ. ഈ സ്യൂട്ടിനു പിന്നിലും ഒരു കഥയുണ്ട്.ഷാങ്ഹായ് ചലച്ചിത്രമേളയ്ക്ക് പോകുന്നതിന് രണ്ട് ദിവസം മുമ്പ് ഇന്ദ്രന്‍സിന്റെ വീട്ടില്‍ തയിച്ചതാണ് ആ കോട്ട്.ജീവിതത്തില്‍ ആദ്യമായാണ് താന്‍ കോട്ട് ധരിക്കുന്നതെന്നും ഇന്ദ്രന്‍സ് പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ കോട്ടുവിശേഷങ്ങള്‍ പങ്കുവച്ചത്. ചൈനയിലേക്കുള്ള യാത്രയുടെ രണ്ടു ദിവസം മുമ്പാണ് ‘വെയില്‍മരങ്ങള്‍’ എന്ന സിനിമയുടെ സംവിധായകനായ ഡോക്ടര്‍ ബിജു ഇന്ദ്രന്‍സിനെ വിളിച്ച് റെഡ് കാര്‍പ്പറ്റിന് ഡ്രസ് കോഡ് ഉണ്ടെന്ന് അറിയിക്കുന്നത്. ആദ്യം കേട്ടപ്പോള്‍ പരിഭ്രമമാണ് തോന്നിയതെന്നും ഇന്ദ്രന്‍സ് അഭിമുഖത്തില്‍ പറഞ്ഞു. സാധാരണ പൊതുചടങ്ങുകളില്‍ പങ്കെടുക്കുമ്പോള്‍ വൃത്തിയുള്ള ഒരു പാന്റും അനുയോജ്യമായ ഷര്‍ട്ടുമാണ് തന്റെ ഫോര്‍മല്‍സ് എന്നും ഇന്ദ്രന്‍സ് കൂട്ടിച്ചേര്‍ത്തു.

 Read more:‘പടച്ചോനേ നിങ്ങള് കാത്തോളീ….’, ചിരിപ്പിച്ച് രജിഷയും മൊട്ടച്ചിയും പിന്നെ ‘ജൂണിലെ’ താരങ്ങളും: വീഡിയോ

ഇന്ദ്രന്‍സിന്റെ ഡിസൈനിങ് സ്‌റ്റോര്‍ നടത്തുന്ന സഹോദരന്മാരായ വിജയകുമാറും ജയകുമാറുമാണ് രണ്ട് ദിവസംകൊണ്ട് സ്യൂട്ട് റെഡിയാക്കിയത്. പാന്റ്‌സും ഹാഫ് സ്ലീവ് ഷര്‍ട്ടുമാണ് ഇന്ദ്രന്‍സിന്റെ ഇഷ്ടവേഷം. മുണ്ടുടുക്കാന്‍ കിട്ടാറുള്ള അവസരങ്ങള്‍ പാഴാക്കാറില്ലെന്നും താരം പറഞ്ഞു. എന്തായാലും ഇന്ദ്രന്‍സിന്റെ കോട്ടു വിശേഷങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു.